കൊച്ചി - മുസ്ലീം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യു ഡി എഫിന്റെ നിര്‍ണായക യോഗം ആലുവ ഗസ്റ്റ് ഹൗസില്‍ നടക്കുകയാണ്. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. രാജ്യസഭയില്‍ ഒഴിവ് വരുന്ന സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന ചര്‍ച്ചയും കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. ലോകസഭയിലേക്ക് വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റോ അല്ലെങ്കില്‍ കണ്ണൂര്‍ സീറ്റോ വേണമെന്നാണ് ലീഗിന്റെ ആവശ്യം. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍ എസ് പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികള്‍ക്ക് കടക്കാന്‍ കഴിയാത്തത്. നിലവിലെ സാഹചര്യത്തില്‍ മൂന്ന് സീറ്റ് നല്‍കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ലീഗ് മുന്നോട്ട് വയ്ക്കുന്നത്. ലീഗിന്റെ പിടിവാശി കാരണം ചര്‍ച്ച നീണ്ടു പോയതില്‍ കടുത്ത അതൃപ്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ ആദ്യം ആരംഭിച്ചിട്ടും എല്‍ ഡി എഫിലെ സ്ഥാനാര്‍ഥി ധാരണകള്‍ പൂര്‍ത്തിയായ ശേഷമാണ് യു ഡി എഫ് അന്തിമ തീരുമാനത്തിനായി യോഗം ചേരുന്നത്.