Sorry, you need to enable JavaScript to visit this website.

ഇടുക്കിയിൽ യുവപോരാളികളുടെ മൂന്നാമങ്കത്തിന് കളമൊരുങ്ങുന്നു 

ഇടുക്കി- യുവപോരാളികളുടെ മൂന്നാം പോരിന് ഇടുക്കി ലോകസഭാ മണ്ഡലത്തിൽ കളമൊരുങ്ങുന്നു. സിറ്റിംഗ് എം.പി. കോൺഗ്രസിലെ ഡീൻ കുര്യാക്കോസും മുൻ എം.പി സി.പി.എം സ്വതന്ത്രൻ ജോയ്‌സ് ജോർജും വീണ്ടും അങ്കത്തട്ടിൽ.  ഒരിക്കൽ തോറ്റതിന്റേയും തോൽപ്പിച്ചതിന്റെയും വീറും വാശിയും മൂന്നാമങ്കത്തിലുമുണ്ടാകും. 2014ൽ ജോയ്‌സ് ജോർജിനോട് അടിയറവ് പറഞ്ഞ ഡീൻ കുര്യാക്കോസ് 2019ൽ ഇതിന് പകരം വീട്ടി.
50,542 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്വതന്ത്രനായി രംഗത്തിറക്കിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകൻ ജോയ്‌സ് ജോർജ് 2014ൽ  ഡീൻ കുര്യാക്കോസിനെ തറപറ്റിച്ചത്. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഉയർത്തിയ കുടിയിറക്ക് ഭീഷണിയും അന്നത്തെ എം.പിയായിരുന്ന പി.ടി. തോമസ് പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ പേരിൽ റിപ്പോർട്ടിനെ അനുകൂലിച്ചതും കത്തോലിക്കാ സഭയുടെ മാനസ സന്താനമായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി രോഷം കൊണ്ടതുമാണ് യു.ഡി.എഫിന് വിനയായത്. ജില്ലയിലെ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളെല്ലാം വേനൽ മഴയിലെന്ന പോലെ അന്ന് കടപുഴകി. ഇടുക്കി നിയമസഭാ മണ്ഡലം (24,227), ഉടുമ്പഞ്ചോല (22,692), ദേവികുളം (9,121), പീരുമേട് (5,979) എന്നിങ്ങനെ എൽ.ഡി.എഫ് ഭൂരിപക്ഷം നേടി. മൂവാറ്റുപുഴയിൽ 5,572 വോട്ടിന്റെയും കോതമംഗലത്ത് 2,476 വോട്ടിന്റെയും തൊടുപുഴയിൽ 3,088 വോട്ടിന്റെയും മേൽക്കൈ മാത്രമാണ് ഡീൻ കുര്യാക്കോസിന് നേടാനായത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 37,371 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്തായിരുന്നു ഈ തിരിച്ചടി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (ജെ) ഇടതു മുന്നണിയിലായിരുന്നിട്ടും കോൺഗ്രസിലെ പി.ടി. തോമസ് 74,796 വോട്ടുകൾക്ക് വിജയിച്ച ഇടുക്കിയാണ് യു.ഡി.എഫിൽ നിന്നും 2014ൽ ഒലിച്ചുപോയത്.
എന്നാൽ 2019ൽ സ്ഥിതി മാറി. കസ്തൂരിരംഗൻ വിഷയത്തിന്റെ മൂർച്ച അപ്പോഴേക്കും കുറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പല്ലു കൊഴിഞ്ഞു. ഇതോടെ ജൻമനാ വലതുപക്ഷ ജാതകക്കൂറുള്ള മണ്ഡലം വീണ്ടും യു.ഡി.എഫിനെ മാറോടണച്ചു. ഒപ്പം അന്ന് കത്തിനിന്ന ശബരിമല വിഷയം കൂടിയായപ്പോൾ 1,71,053 വോട്ടുകൾക്ക് ഡീൻ ഇടുക്കി തിരിച്ചു പിടിച്ചു. ഏഴ് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് തരംഗം. ഇടുക്കി (20,928), തൊടുപുഴ (37,023), ഉടുമ്പഞ്ചോല (12,494), ദേവികുളം (24,093), പീരുമേട് (23,380), മൂവാറ്റുപുഴ (32,539), കോതമംഗലം (20,596) എന്നിങ്ങനെയായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19,068 വോട്ടിന്റെ മേൽക്കൈ യു.ഡി.എഫിനുണ്ടായിരുന്നു.
പിന്നീട് കാറ്റ് മാറി വീശി. കേരള കോൺഗ്രസ് (എം) ഇടതു പക്ഷത്തെത്തി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മേൽക്കൈ തിരിച്ചു പിടിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടത് തരംഗം തന്നെ ആഞ്ഞു വീശി. തൊടുപുഴയും മൂവാറ്റുപുഴയും ഒഴികെ അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായി. ഉടുമ്പഞ്ചോല (38,305), ദേവികുളം (7,848), ഇടുക്കി (5,573), പീരുമേട് (1,835), കോതമംഗലം (6,605) എന്നിങ്ങനെയായിരുന്നു എൽ.ഡി.എഫിന്റെ ഭൂരിപക്ഷം. തൊടുപുഴയിൽ 2016ലെ പി.ജെ. ജോസഫിന്റെ 45,587ന്റെ ഭൂരിപക്ഷം 2021ൽ 20,259 ആയി കുറയുകയും ചെയ്തു. മാത്യു കുഴൽനാടനിലൂടെ മൂവാറ്റുപുഴ യു.ഡി.എഫ് തിരിച്ചു പിടിച്ചെങ്കിലും 6161 വോട്ടിന്റെ മാത്രമാണ് മേൽക്കൈ. നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ഇടുക്കി ലോകസഭ മണ്ഡലത്തിൽ എൽ.ഡി.എഫിന് 33746 വോട്ടിന്റെ മേൽക്കൈയുണ്ട്.
കണക്കിലെ ഈ പെരുക്കമാണ് ജോയ്‌സ് ജോർജിനെ മൂന്നാമതും ഇറക്കുന്ന ഇടതു ക്യാമ്പിന്റെ ആത്മവിശ്വാസം. എന്നാൽ ലോകസഭ തെരഞ്ഞെടുപ്പിൽ 2014ലെ കൈപ്പിഴ ഇനി ആവർത്തിക്കില്ലെന്നും ഡീൻ കുര്യാക്കോസിന് രണ്ടാമൂഴം ഉറപ്പെന്നും യു.ഡി.എഫും പറയുന്നു. അതിന് അവർക്ക് ചരിത്രത്തിന്റെ പിൻബലവുമുണ്ട്.
1977ൽ മണ്ഡലം പിറന്നപ്പോൾ മുതൽ 1999 വരെ ഒരിക്കലൊഴികെ ഇടുക്കി യു.ഡി.എഫിനൊപ്പമായിരുന്നു. കോൺഗ്രസ് ദേശീയ നേതാവും ജനത ഭരണത്തിൽ ലോകസഭാ പ്രതിപക്ഷ നേതാവുമായിരുന്ന സി.എം. സ്റ്റീഫനായിരുന്നു ആദ്യ വിജയി. ആന്റണി കോൺഗ്രസും കേരള കോൺഗ്രസ് മാണി വിഭാഗവും എൽ.ഡി.എഫിലായിരുന്ന 80ൽ സി.പി.എമ്മിന്റെ എം.എം. ലോറൻസ് പാർലമെന്റിലെത്തി. പക്ഷെ പിന്നീട് അഞ്ച് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്നാൽ 99ൽ കേരള കോൺഗ്രസ് (ജെ) എൽ.ഡി.എഫിലായിരിക്കെ ഫ്രാൻസീസ് ജോർജ് കോൺഗ്രസിന്റെ കരുത്തനായ പി.ജെ. കുര്യനെ 9298 വോട്ടുകൾക്ക് അടിയറവ് പറയിച്ചു. 2004ൽ ബെന്നി ബഹനാനെ 69,384 വോട്ടുകൾക്ക് കീഴ്‌പ്പെടുത്തി വീണ്ടും പാർലമെന്റിലെത്തിയ ഫ്രാൻസീസ് ജോർജ്, 2009ൽ പി.ടി. തോമസിന് മുന്നിൽ അടിയറവ് പറഞ്ഞു. 2014ലെ എൽ.ഡി.എഫ് വിജയം പ്രത്യേക സാഹചര്യത്തിലായിരുന്നെന്നും യു.ഡി.എഫ് ഓർമിപ്പിക്കുന്നു. 2019ലെ ചരിത്രവിജയത്തിന്റെ തുടർച്ച അവർ ഉറച്ചു വിശ്വസിക്കുന്നു.  
2014ൽ 50,438 വോട്ടു നേടി ബി.ജെ.പിയുടെ സാബു വർഗീസ് ഇടുക്കിയിലും മോഡി തരംഗത്തിന്റെ സൂചന നൽകിയിരുന്നു. 2009ൽ ബി.ജെ.പിക്ക് കിട്ടിയത് 28,227 വോട്ടു മാത്രമായിരുന്നു. 2019ൽ ശബരിമലയുടെ ബലത്തിൽ ഒരു ലക്ഷം വോട്ടെങ്കിലും നേടുമെന്ന് എൻ.ഡി.എ അവകാശപ്പെട്ടിരുന്നെങ്കിലും ബി.ഡി.ജെ.എസിന്റെ ബിജു കൃഷ്ണന് നേടാനായത് 78,648 വോട്ട് മാത്രം. ഇത്തവണയും ബി.ഡി.ജെ.എസിന് തന്നെയാകും സീറ്റ്. സംസ്ഥാന സെക്രട്ടറി ഷൈൻ, ബിജു മാധവൻ എന്നിവർ പരിഗണനയിൽ.
പൈങ്ങോട്ടൂർ കുളപ്പുറം ആനാനിക്കൽ വീട്ടിൽ എ.എം. കുര്യാക്കോസിന്റെ മകനാണ് 43 കാരനായ ഡീൻ കുര്യാക്കോസ്. എൽ.എൽ.എം ബിരുദമുള്ള ഡീൻ എം.എ (ഹ്യൂമൻ റൈറ്റ്‌സ് ആന്റ് പൊളിറ്റിക്‌സ്) യിൽ ഒന്നാം റാങ്കുകാരൻ കൂടിയാണ്. 1988ൽ തൊടുപുഴ ന്യൂമൻ കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായാണു രാഷ്ട്രീയം തുടങ്ങിയത്. മഹാത്മാഗാന്ധി സർവകലാശാല യൂനിയൻ കൗൺസിലർ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. മുൻ എം.എൽ.എ എം.കെ. പോൾസന്റെ മകൾ നീതയാണ് ഭാര്യ.
കോൺഗ്രസ് നേതാവായിരുന്ന വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ പാലിയത്ത് പി.ജെ. ജോർജിന്റെയും മേരിയുടെയും മകനാണ് 54കാരനായ ജോയ്‌സ് ജോർജ്. നിയമ, എം.എസ്.ഡബ്ല്യു ബിരുദങ്ങളുള്ള ജോയ്‌സ് തിരക്കുള്ള അഭിഭാഷകനായിരിക്കെയാണ് ആദ്യ തെരഞ്ഞെടുപ്പ് അങ്കം തന്നെ വിജയിച്ച് ലോക്‌സഭയിലെത്തിയത്. വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപിക അനൂപ ജോയ്‌സ് ആണ് ഭാര്യ. ജോർജിൻ ജോയ്‌സ് മകൻ.

Latest News