Sorry, you need to enable JavaScript to visit this website.

പാഴ്‌സലിൽ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരിൽ വീഡിയോ കോൾ; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം

കൊല്ലം- പാഴ്‌സലായി അയച്ച സാധനസാമഗ്രികളിൽ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോകോൾ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ കൊല്ലത്ത് ഒരാൾക്ക് 40 ലക്ഷത്തിൽ പരം രൂപ നഷ്ടമായി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.
മുംബൈ പോലീസിലെ സൈബർ വിഭാഗത്തിലെ മുതിർന്ന ഓഫീസറെന്ന വ്യാജേനയാണ് പാഴ്‌സൽ അയച്ച ആളെ തട്ടിപ്പുകാർ വീഡിയോ കോൾ ചെയ്തത്. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങളുണ്ടെന്ന് വീഡിയോ കോൾ ചെയ്തയാൾ പറഞ്ഞു. പാഴ്‌സൽ അയച്ച ആളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ 40,30,000 രൂപ അവർ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചു നൽകിയത്. 
പ്രശസ്ത കൊറിയർ കമ്പനിയുടെ കസ്റ്റമർ സർവ്വീസ് സെന്ററിൽ നിന്ന് എന്നു പരിചയപ്പെടുത്തിവന്ന ഫോൺ കോളിലാണ് തട്ടിപ്പിന്റെ തുടക്കം. പരാതിക്കാരൻ മുംബൈയിൽ നിന്ന് തായ്‌ലൻഡിലേയ്ക്ക് ഒരു പാഴ്‌സൽ അയച്ചിട്ടുണ്ടെന്നും അതിൽ പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ലാപ്‌ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നതിനാൽ മുംബൈ പോലീസ് പിടിച്ചുവച്ചെന്നാണ് അയാൾ അറിയിച്ചത്. പാഴ്‌സൽ അയയ്ക്കുന്നതിന് പരാതിക്കാരന്റെ അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് അയാൾ പറഞ്ഞു.
താൻ മുംബൈയിൽ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്‌സൽ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരൻ കൊല്ലത്ത് പോലീസിൽ പരാതി നൽകാൻ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയിൽ നടന്നതിനാൽ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയർ കമ്പനി പ്രതിനിധി, മുംബൈ സൈബർ ക്രൈം സെൽ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടർന്ന് സൈബർ ക്രൈം സെൽ ഉദ്യോഗസ്ഥൻ എന്ന് ഭാവിച്ച് ഒരാൾ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്തു. പരാതിക്കാരന്റെ ആധാർ നമ്പർ ഉപയോഗിച്ച് 13 സ്ഥലങ്ങളിൽ തീവ്രവാദികൾക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാൾ കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഓഫീസറെന്ന വ്യാജേന മറ്റൊരാൾക്ക് ഫോൺ കൈമാറി. സ്‌കൈപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട പോലീസ് ഓഫീസർ അതിനായി ഒരു ലിങ്ക് അയച്ചുനൽകി. തുടർന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാൾ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ചു മനസ്സിലാക്കി. അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറിൽ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും അയാൾ പറഞ്ഞു. തുടർന്ന് അവർ നൽകിയ അക്കൗണ്ടിലേയ്ക്ക് പരാതിക്കാരൻ 40,30,000 രൂപ ഓൺലൈനായി അയച്ചുനൽകുകയായിരുന്നു. തുടർന്ന് അവരെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. 


മുന്നറിയിപ്പ്:
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരുമണിക്കൂറിനകം ധ ഏഛഘഉഋച ഒഛഡഞ പ തന്നെ വിവരം 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

Latest News