Sorry, you need to enable JavaScript to visit this website.

വെടിവെപ്പ് പോലും നേരിട്ട് മോഷ്ടാക്കളെ പിടിച്ച കൊച്ചി സ്‌ക്വാഡിന് അനുമോദനം

കൊച്ചി- രാജസ്ഥാനിലെ അജ്മീറില്‍നിന്ന് വെടിവെപ്പ് ഉള്‍പ്പെടെ അതിജീവിച്ച് സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്‌സേനയുടെ അനുമോദനം. എറണാകുളം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, ഓപ്പറേഷനില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്കും എസ്.പി. അഭിനന്ദനക്കത്ത് നല്‍കി.

സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ശ്രീലാല്‍, സി.പി.ഒമാരായ കെ.എം മനോജ്, വി.എ. അഫ്‌സല്‍, മാഹിന്‍ഷാ, മുഹമ്മദ് അമീര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അജ്മീറില്‍നിന്ന് സംഘം ഇന്നാണ്  തിരിച്ചെത്തിയത്.

ആലുവയിലെ രണ്ടു വീടുകളില്‍നിന്ന് 38 പവനും പണവും മോഷ്ടിച്ച കേസിലെ ഷെഹജാദ്, ഡാനിഷ് എന്നീ രണ്ടു പ്രതികളെയാണ് പോലീസ് അജ്മീറിലെത്തി പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിര്‍ത്ത പ്രതികളെ സംഘട്ടനത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ പതറാതെനിന്നതു കൊണ്ടാണ് പ്രതികളെ കീഴടക്കാന്‍ സാധിച്ചതെന്ന് സ്‌ക്വാഡ് തലവന്‍ എസ്.എസ്. ശ്രീലാല്‍ പറഞ്ഞു. ഒരാളെ പിടികൂടി കഴിഞ്ഞപ്പോഴാണ് മറ്റൊരാള്‍ വെടിയുതിര്‍ത്തത്. ഉടന്‍ രണ്ടാമനേയും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നെന്നും ശ്രീലാല്‍ വ്യക്തമാക്കി.

 

Latest News