പാലക്കാട്- സ്ഥാനാര്‍ഥി ചിത്രം വ്യക്തമായതോടെ പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും പ്രചരണമാരംഭിച്ചു. സിറ്റിംഗ് എം.പി വി.കെ. ശ്രീകണ്ഠനില്‍നിന്ന് മണ്ഡലം തിരിച്ചു പിടിക്കാന്‍ പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെ കളത്തിലിറക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനത്തോട് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ്. യുവനേതാവ് എം. സ്വരാജ് പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ നേരത്തേ പാലക്കാട് എം.പിയായി പ്രവര്‍ത്തിച്ച പരിചയവും പാര്‍ട്ടിയിലെ സീനിയോറിറ്റിയും എ. വിജയരാഘവന് സ്ഥാനമുറപ്പിച്ചു. സംസ്ഥാനത്ത് സി.പി.എം കളത്തിലിറക്കുന്ന ഏക പി.ബി അംഗമായിരിക്കും വിജയരാഘവന്‍. അതുകൊണ്ടു തന്നെ പഴുതുകളടച്ച പ്രചരണമാണ് സി.പി.എം മണ്ഡലത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ സി.പി.എം പ്ര ര്‍ത്തകര്‍ ഒരുവട്ടം ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗികപ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ ബൂത്ത് തല കമ്മിറ്റികളുടെ സംഘാടനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
നിലവിലുള്ള എം.പി വി.കെ. ശ്രീകണ്ഠന്‍ പ്രചാരണത്തില്‍ സജീവമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി വിപുലമായ പ്രചരണമാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ വോട്ടര്‍മാരെ നേരിട്ട് കണ്ട് പിന്തുണയുറപ്പിക്കുന്ന തിരക്കിലാണ് ശ്രീകണ്ഠന്‍. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം അദ്ദേഹത്തിന് മണ്ഡലത്തില്‍ വിപുലമായ വ്യക്തിബന്ധങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും പതിവായി ഓടിയെത്തിയിരുന്ന എം.പിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇക്കുറി വിജയം ആവര്‍ത്തിക്കാം എന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
സംസ്ഥാനത്ത് ബി.ജെ.പി മുന്‍കൂട്ടി പ്രചരണമാരംഭിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മൂന്നാഴ്ചയിലധികമായി എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ട്. കഴിഞ്ഞ തവണ മല്‍സരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ തന്നെയാവും ഇക്കുറിയും പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനടക്കമുള്ളവര്‍ക്ക് മണ്ഡലത്തില്‍ നോട്ടമുണ്ടായിരുന്നുവെങ്കിലും വി.മുരളീധരപക്ഷത്തോടൊപ്പം നില്‍ക്കുന്ന കൃഷ്ണകുമാറിനു വേണ്ടി പ്രചരണം വളരെയധികം മുന്നേറിക്കഴിഞ്ഞു. നരേന്ദ്രമോഡിക്കൊപ്പം കൃഷ്ണകുമാര്‍ നില്‍ക്കുന്ന പടുകൂറ്റന്‍ ബോര്‍ഡുകള്‍ മണ്ഡലത്തിലുടനീളം കാണാം. അദ്ദേഹത്തിന്റെ മണ്ഡലപര്യടനം അവസാനഘട്ടത്തിലാണ്.