Sorry, you need to enable JavaScript to visit this website.

തൃശൂര്‍ കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട, മൂന്നേ മുക്കാല്‍ കോടിയുടെ ലഹരി മരുന്ന്

തൃശൂര്‍ - തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെയാണ് രണ്ടു ആഡംബര കാറുകള്‍ സഹിതം പിടികൂടിയത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പീച്ചി പോലീസും ചേര്‍ന്ന് കുതിരാനില്‍ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.  
ആന്ധ്രയില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതിനു മുന്‍പും ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്നു മയക്കുമരുന്നെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
രണ്ടു കാറുകളിലായാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തൃശൂര്‍പാലക്കാട് ദേശീയപാതയില്‍ കുതിരാനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു. രണ്ടു കാറുകളിലൊന്ന് പൈലറ്റായി മുന്നില്‍ പോവുകയും പോലീസിന്റെ പരിശോധന ഉണ്ടോ എന്ന് നോക്കി വിവരം പിന്നില്‍ ലഹരിവസ്തുക്കളുമായി വരുന്ന വാഹനത്തിലുള്ളവര്‍ക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ കുതിരാനില്‍ പോലീസ് രഹസ്യമായി ഇവരുടെ നീക്കം നിരീക്ഷിച്ചിരുന്നതുകൊണ്ട് പൈലറ്റ് വാഹനത്തിന് പരിശോധന വിവരം കൈമാറാന്‍ സാധിക്കും മുന്‍പേ ഇവരെ പിടികൂടുകയായിരുന്നു.
ആന്ധ്രയില്‍ നിന്നും മൊത്തമായി ഈ മയക്കുമരുന്ന് വാങ്ങാന്‍ കേരളത്തിലെ മയക്കുമരുന്ന് വില്‍പനശൃംഖലയിലെ ഏജന്റുമാരായാരിക്കാം ഇത്രയും വലിയ തുക നല്‍കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ സാന്പത്തിക സ്രോതസും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Latest News