കൊല്ലം - ജില്ലയില്‍ അന്തരീക്ഷതാപം കൂടുതലായ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുണ്ട്. ശുദ്ധമായ കുടിവെള്ളംമാത്രം ഉപയോഗിക്കാം. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹമില്ലാത്തപ്പോഴും വെള്ളംകുടിക്കാം. ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട, ചുവന്ന്ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും പിന്നാലെ അബോധാവസ്ഥയുമാണ് സൂര്യാഘാത ലക്ഷണങ്ങള്‍, അനുഭവപ്പെടുന്നവര്‍ വൈദ്യസഹായം തേടണം.
സൂര്യാഘാതത്തെക്കാള്‍ കാഠിന്യം കുറവാണ് സൂര്യാതപത്തിന്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായദാഹം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടും മഞ്ഞ നിറമാകുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവര്‍ നേരിടുന്ന അസ്വസ്ഥകള്‍ക്ക് ചികിത്സ തേടണം. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ഉപയോഗിക്കാം. ശാരീരികബുദ്ധമുട്ട് തുടരുന്നവര്‍ വിദഗ്ധസഹായം തേടണം.
വിയര്‍പുകാരണം ശരീരംചൊറിഞ്ഞ് തിണര്‍ക്കുന്ന് ഹീറ്റ് റാഷ് (ചൂടുകുരു) കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമാക്കുകയുമാണ് പ്രധാനം. യാത്രാവേളയില്‍ കുട ശീലമാക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. യാത്രാവേളയില്‍ വെള്ളം കരുതണം. കടകളില്‍നിന്നുള്ള പാനീയങ്ങളുടെ ശുദ്ധത ഉറപ്പ് വരുത്തിയില്ലങ്കില്‍ വയറിളക്കത്തിന് സാധ്യതയുണ്ട്. ഐസ് ശുദ്ധമാണ് എന്നും ഉറപ്പാക്കേണ്ടതുണ്ട്.
പുറത്ത് പോകുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.11 മണി മുതല്‍ 3 വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രായമായവര്‍, ചെറിയകുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലിചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്; വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും ഇരുത്തിയിട്ട് പോകാനുംപാടില്ല. വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം. ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക്മാറി വിശ്രമിക്കണം.
കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം. വെള്ളംഉപയോഗിച്ച് മുഖംകഴുകാം; ശരീരംതണുപ്പിക്കാം. ഫാന്‍, എ സി ഉപയോഗിക്കുകയുമാകാം. പഴങ്ങളും സാലഡുകളും കഴിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, ഒ ആര്‍ എസ് തുടങ്ങിയവയും അനുയോജ്യം. ആരോഗ്യസ്ഥിതി അപകടത്തിലായാല്‍ ആശുപത്രിയലെത്തുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി വസന്തദാസ് അറിയിച്ചു.