Sorry, you need to enable JavaScript to visit this website.

ഉപതെരഞ്ഞെടുപ്പുകളില്‍ ജയം; മൂന്നാര്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ഉറച്ചു

ഇടുക്കി- കൂറുമാറ്റംമൂലമുളള ഭരണമാറ്റങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയിലായ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഇതോടെ 21 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 13 അംഗങ്ങള്‍ ആയി. ഇടതുഅംഗങ്ങളുടെ എണ്ണം 8 ആയി ചുരുങ്ങി. ഈ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുടെ പഞ്ചായത്ത് അംഗത്വം കൂറുമാറ്റത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയ സാഹചര്യത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
11 ാം വാര്‍ഡായ മൂലക്കടയില്‍ കോണ്‍ഗ്രസിലെ നടരാജന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അയ്യപ്പനെ 35 വോട്ടുകള്‍ക്കും 18ാം വാര്‍ഡായ നടയാറില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്മി  സി പി ഐയിലെ നവനീതം രാജനെ 59 വോട്ടുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്.
2020 ലെ തദ്ദേശ  തെരഞ്ഞെടുപ്പില്‍ 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ട് അംഗങ്ങള്‍ കൂറുമാറി ഇടതുപാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറിയവര്‍ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചു. പിന്നീട് രണ്ട് എല്‍ ഡി എഫ് അംഗങ്ങള്‍ കൂറുമാറി കോണ്‍ഗ്രസിലെത്തി. ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ എല്‍ ഡി എഫ് ഭരണം തുടരുകയായിരുന്നു. എന്നാല്‍ പിന്നീട് വൈസ് പ്രസിഡന്റിനെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും കോണ്‍ഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് മുമ്പ് കൂറുമാറിയ രണ്ട് എല്‍ ഡി എഫ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി.
പ്രസിഡന്റിനെതിരെ അവിശ്വാസം നല്‍കി ആറുമാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വീണ്ടും അവിശ്വാസം കൊണ്ടു വന്നു. അവിശ്വാസം വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ  ദീപ രാജ്കുമാറിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.

 

Latest News