കോഴിക്കോട് - പ്രവാസി ലീഗിന്റെ 20-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടപ്പാക്കുന്ന പ്രവാസി ലീഗ് പ്രിവിലേജ് പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം നിർവ്വഹിച്ചു. പ്രഥമ ഘട്ടത്തിൽ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
രാജ്യത്തിന്റെ ബജറ്റ് നിർണ്ണയിക്കുന്നതിൽ പ്രവാസികളുടെ പങ്ക് നിസ്സാരമായി കാണാനാവില്ലന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അവരെ സഹായിക്കാനുള്ള ബാധ്യത നമുക്കുണ്ട്. നമ്മളിൽ പലരും അത് മറക്കുന്നു. പ്രവാസികൾ സമ്പന്നരാണെന്ന ധാരണ നമ്മൾ ഉപേക്ഷിക്കണം. ഭൂരിഭാഗം പ്രവാസികളും ജീവിക്കാൻ വകയില്ലാത്തവരാണ്. അത്തരം പ്രവാസികൾക്ക് പ്രവാസി ലീഗ് നൽകുന്ന സ്നേഹ സാന്ത്വനമാണ് പ്രവാസി പ്രിവിലേജ് പദ്ധതിയെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി.
പദ്ധതിയിൽ അംഗമാകുന്ന തിരിച്ചുവരുന്ന പ്രവാസികൾക്കും അവരുടെ കുടുംബംങ്ങൾക്കും അഞ്ച് ശതമാനം മുതൽ 20 ശതമാനം വരെ ചികിത്സാ ഇളവ് ലഭിക്കുന്നതാണ് പ്രവാസി ലീഗ് പ്രിവിലേജ്.
പദ്ധതിയുടെ ധാരണാപത്രം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് കൈമാറിയത്. ശാഖാ തലങ്ങളിൽ നിന്നും ലഭിക്കുന്ന അപേക്ഷ പ്രകാരമാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിഹാജ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ്, സെക്രട്ടറി കെ.വി മുസ്തഫ പ്രസംഗിച്ചു.
മൈത്ര ആശുപത്രിയുടെ ഹെഡ് ഓഫ് മാർക്കറ്റിംഗ് പ്രവീൺ ആർ നായർ പദ്ധതി വിശദീകരിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എച്ച് കുഞ്ഞാലി ഹാജി, കരാളത്ത് പോക്കർഹാജി, മജീദ് ഹാജി വടകര, കെ.വി ഷരീഫ്, എ.എം.എസ് അലവി, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, അബ്ദുള്ളക്കോയ മാവൂർ, സിദ്ധീഖ്ചോനാരി, വി.പി.എ റഹ്മാൻ കടലുണ്ടി, ഉമ്മർ കോയ തുറക്കൽ, വി.എച്ച് കുഞ്ഞഹമ്മദ് ഹാജി, റഷീദ് തുറക്കൽ, ആശുപത്രി പ്രതിനിധികളായ സലാഹുദ്ദീൻ, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.