ഹൈക്കമാന്റിന്റെ താക്കീത്: നേതാക്കളുടെ തര്‍ക്കം ജാഥയെ ബാധിക്കരുതെന്ന് വേണുഗോപാല്‍

ആലപ്പുഴ- വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ വൈകിയതില്‍ ക്ഷുഭിതനായ കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരന്റെ നിലപാടില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. ഇരുവരെയും ഫോണില്‍ വിളിച്ച് ഹൈക്കമാന്റിന്റെ താക്കീത് എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ അറിയിച്ചു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്ന നിലയില്‍ നടത്തുന്ന സമരാഗ്നി ജാഥയെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ബാധിക്കരുതെന്ന് വേണുഗോപാല്‍ ഇരുവരോടും പറഞ്ഞു. വലിയ വിജയകരമായി മുന്നോട്ടുനീങ്ങുന്ന ജാഥയെ ജനങ്ങളുടെ മുമ്പില്‍ കോമാളിത്തരമാക്കുന്നുവെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

ഇന്ന് രാവിലെയാണ് ഇരുവരും ചേര്‍ന്നുള്ള വാര്‍ത്താസമ്മേളനം വിളിച്ചത്. സുധാകരന്‍ വന്ന് പത്ത് മിനിറ്റായിട്ടും സതീശനെ കണ്ടില്ല. ''പത്രക്കാരെ വിളിച്ചിരുത്തിയിട്ട് ഇയാളിതെവിടെ പോയി.'' അസഭ്യവാക്കുകൂടി ചേര്‍ത്താണ് സുധാകരന്‍ പറഞ്ഞത്. അടുത്തിരുന്ന ഡി. സി. സി. പ്രസിഡന്റ് ബാബുപ്രസാദ് സതീശന്‍ ഉടനെത്തുമെന്ന് പറയുന്നുണ്ട്. ക്യാമറ ഓണാണെന്നും ബാബു പ്രസാദ് പറഞ്ഞു. ഇതിനിടെ മറുവശത്തിരുന്ന ഷാനിമോള്‍ ഉസ്മാന്‍ മൈക്ക് ഓണാണെന്ന് പറഞ്ഞതോടെയാണ് സുധാകരന്‍ അടങ്ങിയത്. ഇതിലുള്ള പ്രതിഷേധം കെ. സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയേയും വിളിച്ചറിയിച്ച വി. ഡി. സതീശന്‍ ഇത്തരത്തില്‍ ജാഥ മുന്നോട്ടുപോകില്ലെന്ന മുന്നറിയിപ്പും നല്‍കി.

ഇതേത്തുടര്‍ന്നാണ് ഹൈക്കമാന്റ് ഇടപെടലുണ്ടായതും കെ. സി. വേണുഗോപാല്‍ ഇരുവരെയും വിളിച്ച് താക്കീത് നല്‍കിയതും. പിന്നീട് മാധ്യമങ്ങളെ കണ്ട സുധാകരന്‍ സതീശനുമായി ഒരഭിപ്രായ വ്യത്യാസവുമില്ലെന്ന് പറഞ്ഞു. ''ഞങ്ങള്‍ ജ്യേഷ്ഠാനുജന്മാരെ പോലെയാണിപ്പോള്‍. ജാഥയ്ക്കുവേണ്ടി വളരെയധികം കഷ്ടപ്പെടുന്നയാളാണ് സതീശന്‍. അദ്ദേഹവുമായി തെറ്റിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്''- സുധാകരന്‍ പറഞ്ഞു.

Latest News