Sorry, you need to enable JavaScript to visit this website.

ഐ.എസ് തിരിച്ചുവരവ് തടയാന്‍ ആഗോള സഖ്യത്തിന് സൗദി സഹായം

ജിദ്ദ- കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സഹോദര, സുഹൃദ് രാഷ്ടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ സൗദി അറേബ്യന്‍ കാബിനറ്റ് ശക്തിയായി അപലപിച്ചു. അക്രമങ്ങള്‍ക്കെതിരെ വിവിധ സര്‍ക്കാരുകള്‍ കൈക്കൊളളുന്ന നടപടികളെ സൗദി അറേബ്യ പിന്തുണക്കുന്നുവെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം പാലസില്‍ നടന്ന യോഗം അറിയിച്ചു.
പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികള്‍ക്ക് കാബിനറ്റ് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. ഹാജിമാര്‍ക്ക് അവരുടെ കര്‍മങ്ങള്‍ സുരക്ഷിതമായും ആശ്വാസത്തോടെയും നിര്‍വഹിക്കാന്‍ സാധിച്ചതില്‍ സര്‍വശക്തനായ അല്ലാഹുവിന് സ്തുതികളര്‍പ്പിച്ച രാജാവ് ഇതിനായി പ്രയത്‌നിച്ച രാജകുമാരന്മാരായും മന്ത്രിമാരേയും ഹജ് കമ്മിറ്റി ചെയര്‍മാനേയും അംഗങ്ങളേയും അഭിനന്ദിച്ചു.
സിറിയയില്‍ ഐ.എസില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനും സിറിയയിലും അയല്‍രാജ്യങ്ങളിലും ഇനിയും ഐ.എസ് ഭീഷണി ഉയരുന്നത് തടയാനുമാണ് സൗദി അറേബ്യ ഐ.എസിനെതിരെ ആഗോള സഖ്യത്തിന് 100 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഐ.എസില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ ജീവിതം സാധാരണനിലയിലാക്കുകയാണ് ലക്ഷ്യം.

Latest News