Sorry, you need to enable JavaScript to visit this website.

മുട്ടില്‍ മരം മുറി: തടികള്‍ കണ്ടുകെട്ടിയതിനെതിരായ ഹരജികളില്‍ അന്തിമവാദം മാര്‍ച്ച് രണ്ടിന്

കല്‍പറ്റ-മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമികളില്‍നിന്നു മുറിച്ച ഈട്ടി മരങ്ങള്‍ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരെ കേസുകളില്‍ ഉള്‍പ്പെട്ട  അഗസ്റ്റിന്‍ സഹോദന്‍മാരും മറ്റും സമര്‍പ്പിച്ച ഹരജികളില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി മാര്‍ച്ച് രണ്ടിന് അന്തിമ വാദം കേള്‍ക്കും. പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിക്കുന്ന  ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡി.എഫ്.ഒ സമര്‍പ്പിച്ച ഹരജി ജില്ലാ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കുന്നതിന് മാര്‍ച്ച് 16ലേക്ക് മാറ്റി. ഡി.എഫ്.ഒയുടെ ഹരജി പരിഗണിച്ച 21ന് അഗസ്റ്റിന്‍ സഹോദരന്‍മാര്‍ കോടതിയില്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്തു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതി റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച ആറു വ്യത്യസ്ത ഹര്‍ജികളിലാണ് കോടതി കഴിഞ്ഞവര്‍ഷം  തടികള്‍ കണ്ടുകെട്ടിയ നടപടി സ്റ്റേ ചെയ്തത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മരങ്ങള്‍ കണ്ടുകെട്ടിയതെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് കോടതി  സ്റ്റേ അനുവദിച്ചത്. 1971ലെ വന നിയമത്തിലെ സെക്ഷന്‍ 61(എ) പ്രകാരം സൗത്ത് വയനാട് ഡി.എഫ്.ഒയാണ് മരങ്ങള്‍ കണ്ടുകെട്ടി കുപ്പാടിയിയിലെ സര്‍ക്കാര്‍ ഡിപ്പോയിലേക്കു മാറ്റിയത്. വനം വകുപ്പിന്റെ പ്രഥമിക കണക്കനുസരിച്ചു ഏകദേശം 8.5 കോടി രൂപയാണ് കണ്ടുകെട്ടിയ മരങ്ങളുടെ വില.  മരങ്ങള്‍ കണ്ടുകെട്ടുന്നതിനു മുമ്പ് വന നിയമത്തിലെ സെക്ഷന്‍ 61(ബി)പ്രകാരം കക്ഷികള്‍ക്കു നോട്ടീസ് നല്‍കണമെന്നുണ്ട്. ഇതു പാലിക്കാതെയാണ് വനം വകുപ്പ് മരങ്ങള്‍ കണ്ടുകെട്ടിയതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. മരങ്ങള്‍ കണ്ടുകെട്ടാതിരിക്കുന്നതിനു  കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിനു നല്‍കുന്നതാണ് സെക്ഷന്‍ 61(ബി) നോട്ടീസ്.
ഡിപ്പോയില്‍ സൂക്ഷിച്ച തടികള്‍ കേസില്‍ കക്ഷികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച്  മരംമുറി കേസ് തീര്‍പ്പാകുന്നതുവരെയാണ്  കണ്ടുകെട്ടല്‍ നടപടി കോടതി സ്റ്റേ ചെയ്തത്. പിടിച്ചെടുത്തു  ഡിപ്പോയിലേക്ക് മാറ്റിയ തടികള്‍ മരക്കച്ചവടക്കാരയ തങ്ങള്‍  കര്‍ഷകരില്‍നിന്നു വിലയ്ക്കു വാങ്ങിയതാണെന്നും ലൈസന്‍സും രജിസ്ട്രേഷന്‍ മാര്‍ക്കും വനം വകുപ്പില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഹര്‍ജിയെ എതിര്‍ത്തെങ്കിലും കസ്റ്റഡിയിലുള്ള തടികള്‍ ഹര്‍ജിക്കാര്‍  ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നു ഡി.എഫ്.ഒ കോടതിയെ അറിയിച്ചിരുന്നു.
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. മഴകൊണ്ടും വെയിലേറ്റ് വിള്ളലുകള്‍ രൂപപ്പെട്ടും നിറം മങ്ങിയും ഈ തടികളുടെ ഗുണനിലവാരം കുറയുകയാണ്. ഈ സാഹചര്യത്തില്‍  തടികള്‍ ലേലം ചെയ്യുന്നതിനു അനുമതി തേടിയാണ് സൗത്ത് വയനാട് ഡി.എഫ്.ഒ കോടതിയെ സമീപിച്ചത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്. സുല്‍ത്താന്‍ ബത്തേരി  പുത്തന്‍കുന്നില്‍നിന്നു മുറിച്ച 18.75 മീറ്റര്‍ തേക്കും ഇതേ ഡിപ്പോയിലുണ്ട്.
റവന്യൂ പട്ടയ ഭൂമിയിലെ  വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ  മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു.  ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച്  കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.
ഡിപ്പോയില്‍ സൂക്ഷിച്ച മരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് വനം വകുപ്പ് പാലിച്ചില്ലെന്നാണ് അഗസ്റ്റിന്‍ സഹോദരന്‍മാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പ്രധാനമായും ചുണ്ടിക്കാട്ടുന്നത്. തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ് തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. മരങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ തയാറാണെന്നും എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ  ഈട്ടി മുറിയുമായി ബന്ധപ്പെട്ട  പോലീസ് കേസില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിനാണ് സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പടം-വീട്ടിത്തടി(ഫയല്‍).

Latest News