Sorry, you need to enable JavaScript to visit this website.

മലപ്പുറത്തു ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ജയം

മക്കരപറമ്പ ഗ്രാമപഞ്ചായത്ത് കാച്ചിനിക്കാട്  രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ ചോലക്കല്‍ നുഹ്‌മാന്‍ ഷിബിലി പ്രവര്‍ത്തകരോടൊപ്പം.

മലപ്പുറം- ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ മൂന്നു വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കോട്ടക്കല്‍ നഗരസഭയിലെ രണ്ടാം വാര്‍ഡ് (ചുണ്ട), 14ാം വാര്‍ഡ് (ഈസ്റ്റ് വില്ലൂര്‍), മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (കാച്ചിനിക്കാട് കിഴക്ക്) എന്നിവ യു.ഡി.എഫ് നിലനിറുത്തി. കാച്ചിനിക്കാടില്‍ ലീഗിലെ ചോലക്കല്‍ നുഹ്‌മാന്‍ ഷിബിലി 315 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് -671, എല്‍.ഡി.എഫ് -356, 
എസ്.ഡി.പി.ഐ -103 വോട്ടുകള്‍ നേടി. ലീഗ് മെംബര്‍ ടി.പി.അഷ്‌റഫിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അഷ്‌റഫിന്റെ ലീഡായ 257 മറികടന്നാണ് ഷിബിലിയുടെ വിജയം. എല്‍.ഡി.എഫ് സ്വതന്ത്രനായി ഷബീര്‍ തയ്യില്‍, ജനകീയ സ്ഥാനാര്‍ഥിയായി അബ്ദുള്ളക്കുട്ടി എന്നിവരായിരുന്നു മറ്റ് മത്സരാര്‍ഥികള്‍. 13 വാര്‍ഡുകളുള്ള മക്കരപ്പറമ്പ് പഞ്ചായത്തില്‍ യു.ഡി.എഫ് 10, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട്, ഇടതുസ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. പാണക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും ഹയര്‍സെക്കന്‍ഡറി അധ്യാപക യൂണിയന്‍ സംസ്ഥാന നേതാവുമാണ് നുഹ്‌മാന്‍ ഷിബിലി.
കോട്ടക്കല്‍ മുനിസിപ്പാലിറ്റി ചൂണ്ടയില്‍ മുസ്‌ലിം ലീഗിലെ  നഷ് വ ഷാഹിദ് 171 വോട്ടുകള്‍ക്കും 14-ാം ഈസ്റ്റ് വില്ലൂര്‍ വാര്‍ഡില്‍ ലീഗിലെ ഷഹാന ഷെറിന്‍ 201 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. രണ്ടാം വാര്‍ഡില്‍ ഇടതുസ്വതന്ത്രയായി റുഖിയ റഹീമും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ഷാഹിദ മാടക്കനുമാണ് മത്സരിച്ചത്. നഷ് വ ഷാഹിദ് 404, റുഖിയ റഹീം 231, ഷാഹിദ മാടക്കന്‍ 222 എന്നിങ്ങനെയാണ് വോട്ട് നില. ഈസ്റ്റ് വില്ലൂര്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അടാട്ടില്‍ ഷഹാന ഷഹീറും (മുസ്ലിം ലീഗ്) ഇടതുസ്വതന്ത്രയായി റഹീമ ഷെറിനുമാണ് മത്സരിച്ചത്. ഷഹാന ഷഫീര്‍- 623, റഹീമ ഷെറിന്‍- 432 എന്നിങ്ങനെയാണ് വോട്ട് നില. ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് നഗരസഭാധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീര്‍ അധ്യക്ഷ പദവിക്കൊപ്പം നഗരസഭാംഗത്വം രാജിവച്ചതോടെയാണ് ഈസ്റ്റ് വില്ലൂര്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സിലിലെ തുടര്‍ച്ചയായ അസാന്നിധ്യം മൂലം ഷാഹില സജാസ് അയോഗ്യത നേരിട്ടതോടെയാണ് ചൂണ്ട വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

Latest News