പയ്യന്നൂര്‍- കേന്ദ്രം എത്ര ഞെരുക്കിയാലും 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പയ്യന്നൂര്‍ റവന്യൂ ടവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവിഹിതം പരമാവധി വെട്ടിക്കുറച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിച്ചാലും അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനമെന്ന ലക്ഷ്യത്തില്‍ നിന്നും കേരളത്തെ പിന്തിരിപ്പിക്കാനാവില്ല. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തിനായി ഭൂരഹിതരായ അതിദരിദ്രര്‍ക്ക് ഭൂമി കണ്ടെത്തുക എന്നതായിരുന്നു റവന്യു വകുപ്പിന്റെ ചുമതല. ഇത് യാഥാര്‍ഥ്യമായി കൊണ്ടിരിക്കുകയാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാലാം പട്ടയമേള പൂര്‍ത്തിയായപ്പോള്‍ 153103 പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞു. കേവലം കൈവശഭൂമിക്ക് രേഖ നല്‍കുക മാത്രമല്ല ചെയ്യുന്നത്. സ്വന്തമായി ഒരു സെന്റ് പോലും ഇല്ലാത്തവന് അതിനുള്ള വഴി കൂടി ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പട്ടയമുള്‍പ്പെടെ റവന്യൂ വകുപ്പിന്റെ കീഴില്‍ വരുന്ന വിഷയങ്ങള്‍ക്ക് പലവിധത്തിലുള്ള നിയമക്കുരുക്കുകള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം പരമാവധി പരിഹരിച്ച് ജനപക്ഷത്ത് നിന്ന് സേവനങ്ങള്‍ ജനകീയമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്നത് ഉള്‍പ്പെടെയുള്ള വഴികള്‍ വകുപ്പ് സ്വീകരിക്കുന്നതെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.
രണ്ടരക്കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വില്ലേജ് ഓഫീസ്, റെക്കോര്‍ഡ് മുറി, സ്റ്റാഫ് മുറി, ഇലക്ഷന്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലറ്റ് എന്നിവയാണുള്ളത്. ഒന്നാം നിലയില്‍ തഹസില്‍ദാറുടെ മുറിയും ഓഫീസ് സൗകര്യങ്ങളും രണ്ടാം നിലയില്‍ എല്‍. എ. തഹസില്‍ദാറുടെ മുറി, സ്റ്റാഫ് റൂം, റെക്കോര്‍ഡ് റൂം എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യവുമുണ്ട്.
ടി. ഐ മധുസൂദനന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. എം.വിജിന്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി.