അൽ ഹസ-മരണ മുനമ്പിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കൊണ്ടോട്ടി വാഴക്കാട് ആക്കോട് സ്വദേശി അബ്ദുൽ ഖാലിദ്.
റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫർണിച്ചർ കമ്പനിയുടെ പ്രൊഡക്റ്റ്‌സ് കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ സപ്ലൈ ചെയ്യുന്ന ജോലിയണ് അബ്ദുൽ ഖാലിദിന്. ജോലി സംബന്ധമായി ദമാമിൽ പോയി അൽ ഹസയിലേക്ക് തിരിച്ചു വരുന്നതിടയിൽ മുതൈർഫിയിലാണ് ഖാലിദ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്.
ഖാലിദിന് അൽപം ക്ഷീണം തോന്നിയപ്പോൾ റോഡിൽനിന്നും മൂന്നു മീറ്ററോളം ഇറക്കി തന്റെ വാഹനം നിർത്തി പുറത്തേക്കിറങ്ങിയ സമയം പിറകെ വന്ന ഒരു ഡൈന പിറകിൽ വന്നു ഇടിക്കുകയായിരുന്നു. തുറന്നുവെച്ച കാറിന് പിറകിൽ ശക്തിയോടെ തുറന്ന് വെച്ച തന്റെ വാഹനം തട്ടിത്തെറിപ്പിച്ചു. പുറത്തിറങ്ങി വെള്ളത്തിന്റെ ബോട്ടിലെടുക്കാൻ സീറ്റിലേക്ക് കുനിഞ്ഞതിനാൽ കാലിന് മാത്രമേ ഡൈന തട്ടിയുള്ളൂ. ഡൈനയുടെ ഡ്രൈവർ ഉറങ്ങിയതാവാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഖാലിദിനെ ഉടനെ ഏറ്റവും അടുത്ത ഉബൈദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഖാലിദിന്റെ വലത് കാലിന്റെ തുടയെല്ലിന് സാരമായ പൊട്ട് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അപകടം നടന്ന് ഖാലിദ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സമയം മുതൽ സഹായഹസ്തവുമായി ഒ ഐ സി സി നേതാക്കൾ സജ്ജീവമായി രംഗത്തുണ്ട്. ഒ.ഐ.സി.സി ദമാം പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ, അൽ ഹസ്സ ഒഐസിസി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ എന്നിവരും സഹായത്തിനെത്തി. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഉബൈദ് ആശുപത്രിയിൽ തന്നെ ഒബ്ഷർവേസൻ വാർഡിൽ കഴിയുന്ന ഖാലിദിനെ ഒഐസിസി അൽ ഹസ്സ ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, വൈസ് പ്രസിഡന്റ് നവാസ് കൊല്ലം, ട്രഷറർ ഷിജോമോൻ വർഗ്ഗീസ്, ദമ്മാം പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ എന്നിവർ സന്ദർശിച്ചു.