Sorry, you need to enable JavaScript to visit this website.

'പാർട്ടി സംരക്ഷിച്ചില്ല, വ്യക്തി വൈരാഗ്യം'; കൊയിലാണ്ടി കൊലയിൽ പ്രതിയുടെ മൊഴി, കൊലക്കത്തി കണ്ടെത്തി

കോഴിക്കോട് - കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതകത്തിൽ നിർണായക മൊഴി ലഭിച്ചതായി വെളിപ്പെടുത്തൽ. പോലീസ് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയ കേസിലെ പ്രതിയും സി.പി.എം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പെരുവട്ടൂർ പുറത്തോന അഭിലാഷിന്റെ മൊഴിയിലാണ് നിർണായക വിവരമുള്ളത്.
 കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിനോട് പറഞ്ഞത്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമസംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വ്യക്തി വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നുമാണ് പ്രതി മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. കൊലക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
 കൊയിലാണ്ടി ചെറിയപ്പുറം പരദേവതാ ക്ഷേത്രമുറ്റത്ത് വെച്ചാണ് സി.പി.എം നേതാവ് സത്യനാഥ് ഇന്നലെ രാത്രി പത്തോടെ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിലുളളത്. കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപോർട്ടിലെ പ്രാഥമിക നിഗമനം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. സത്യനാഥനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അയൽവാസിയും സത്യനാഥനൊപ്പം സി.പി.എം ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുമുളള ആളാണ് അഭിലാഷ്. അഭിലാഷിന്റെ പല വഴിവിട്ട ലഹരി ഇടപാടുകൾക്കും മറ്റും പാർട്ടിയും സത്യനാഥും കൂടെനിൽക്കാത്തതിലെ വൈരാഗ്യവും ലഹരിക്കടിമപ്പെട്ടതുമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
 എട്ടുവർഷം മുമ്പ് സി.പി.എം പ്രവർത്തകനായിരുന്ന പ്രതി, അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി പ്രവർത്തിച്ചെങ്കിലും പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സംഘടനയിൽനിന്നും പുറത്താക്കപ്പെടുകയാണുണ്ടായതെന്നാണ് പ്രാദേശിക സി.പി.എം നേതാക്കൾ നൽകുന്ന വിശദീകരണം. യാതൊരു പ്രകോപനവുമില്ലാതെയാണ് ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള പൊതുപ്രവർത്തകനായ സത്യനാഥനെ പ്രതി നിഷ്ഠൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും പറയുന്നു.
 

Latest News