കോഴിക്കോട്- മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നല്കി സംസ്ഥാനത്ത് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യൂ ഭവന
വകുപ്പ് മന്ത്രി കെ. രാജന്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കുമുള്ള വാടക വീട് പദ്ധതി കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
2024ല്‍ തന്നെ പുതിയ ഭവനനയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നിരവധി പദ്ധതികള്‍ നടപ്പിലാക്കി ഹൗസിംഗ് ബോര്‍ഡ് അതിന്റെ വര്‍ധിത പ്രതാപ കാലത്തേക്ക് തിരിച്ചു വരികയാണ്. ബജറ്റിലും ഭവനനിര്‍മ്മാണ രംഗത്തുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബി പണികള്‍ ഉള്‍പ്പെടെ അതിവേഗം നടപ്പിലാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ പ്രയോഗിച്ച് ഏറ്റവും വേഗത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നായി ഹൗസിംഗ് ബോര്‍ഡ് മാറി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഫ്ളാറ്റ് സമുച്ചയമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കിയ പ്രദേശത്ത് ലഭ്യമായ ഭൂമിയില്‍ 2020- 21 പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് വാടക വീട് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും താമസം ഒരുക്കുന്നതിനുള്ള ഫ്ളാറ്റ്/ ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം. മിതമായ നിരക്കില്‍ മൂന്ന് നിലകളിലായി 12 യൂണിറ്റുകളുള്ള ഫ്ളാറ്റ്/ ക്വാര്‍ട്ടേഴ്സുകളാണ് കോവൂര്‍- ഇരിങ്ങാടന്‍ പള്ളി ബൈപ്പാസ് റോഡില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ് റൂം വീതമുള്ള മൂന്ന് ഫ്ളാറ്റുകളും രണ്ട് ബെഡ്റൂം വീതമുള്ള ഒന്‍പത് ഫ്ളാറ്റുകളുമാണുള്ളത്.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് മേയര്‍ ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളായി. കെ. എസ്. എച്ച്. ബി ഹൗസിംഗ് കമ്മീഷണര്‍ ആന്റ് സെക്രട്ടറി രാഹുല്‍ കൃഷ്ണ ശര്‍മ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മെമ്പര്‍മാരായ ടി. മണി, എം. എസ്. വിശ്വനാഥന്, ടെക്നിക്കല്‍ മെമ്പര്‍ വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് പി. പി. സുനീര്‍ സ്വാഗതവും ചീഫ് എഞ്ചിനീയര്‍ ബി. ഹരികൃഷ്ണന് നന്ദിയും പറഞ്ഞു.