Sorry, you need to enable JavaScript to visit this website.

കൊയിലാണ്ടിയിലെ സി.പി.എം നേതാവിന്റെ കൊലപാതകം: കാരണം തേടി പോലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും

കോഴിക്കോട് - കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പൊലീസ്. പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ ഉണ്ടാകുമെന്നും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. 
 സംഭവത്തിൽ സി.പി.എം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം പെരുവട്ടൂർ പുറത്തോന അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവശേഷം ഇയാൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണോ അതോ ലഹരിമരുന്ന് ഉൾപ്പെടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സി.പി.എം നേതാവായ സത്യനാഥൻ സ്വീകരിച്ച നിലപാടുകളാണോ എന്നതടക്കമുള്ള വിവിധ അനുമാനങ്ങളിൽ അന്വേഷണങ്ങളിലൂടെ കൃത്യമായ നിഗമനത്തിൽ എത്താനാവൂ. പ്രതി ലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
 കൃത്യത്തിനുപയോഗിച്ച ആയുധം എന്ത് എന്നതിലും വ്യക്തതയായിട്ടില്ല. 
മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായ അഭിലാഷ് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സൂചനയുമുണ്ട്. ആയുധം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. അഭിലാഷിനെ ഏഴുവർഷം മുമ്പ് പാർട്ടിയിൽ പുറത്താക്കിയതാണെന്നും പറയുന്നു. ഇന്നലെ രാത്രി പത്തോടെയാണ് കൊയിലാണ്ടിക്കടുത്ത ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുന്നതിനിടെ നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ പ്രതിഷേധിച്ചുള്ള സി.പി.എം പ്രാദേശിക ഹർത്താൽ ഇതുവരെയും സമാധാനപരമാണ്.
 അതിനിടെ, പി.വി സത്യനാഥന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ക്ഷേത്രമുറ്റത്തെ കൊലപാതകം നിഷ്ഠൂരവും ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് അനുമാനമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
 

Latest News