കോഴിക്കോട് - ഉത്സപ്പറമ്പിൽ വച്ച് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥ(64)നെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ. അഭിലാഷ് പെരുവട്ടൂർ എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നുവെന്ന് നാട്ടുകാർ ആരോപിച്ച പ്രതി ഇന്നലെ രാത്രി തന്നെ പോലീസിൽ കീഴടങ്ങിയതായാണ് വിവരം. പ്രതിയെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയുള്ള ഹർത്താൽ ഇതുവരെയും സമാധാനപരമാണ്. പ്രദേശത്ത് വൻ പോലീസ് സുരക്ഷാ ജാഗ്രതയാണ് നിലവിലുള്ളത്.