കല്‍പറ്റ-സുല്‍ത്താന്‍ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് ഭരണസമിതിയംഗങ്ങളില്‍ എട്ടുപേരെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)പ്രാഥമിക അംഗത്വത്തില്‍നിന്നു അയോഗ്യരാക്കി. ഡി.പി.രാജശേഖരന്‍, വി.ജെ.തോമസ്, ബേബി വര്‍ഗീസ്, ടി.ജെ.അബ്രഹാം, കെ.കെ.നാരായണന്‍കുട്ടി, റീത്ത സ്റ്റാന്‍ലി, ജിനി തോമസ്, ശ്രീജി ജോസഫ് എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇതില്‍ രാജശേഖരന്‍ ബാങ്ക് ചെയര്‍മാനും തോമസ് വൈസ് ചെയര്‍മാനുമാണ്.
മൂലങ്കാവ് കളത്തില്‍ പി.ആര്‍.ജയപ്രകാശ്, ബാങ്ക് അംഗം എ.എ.അനുമോദ്കുമാര്‍ എന്നിവര്‍ വെവ്വേറെ നല്‍കിയ പരാതിയും ബത്തേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ 2023 നവംബര്‍ 30ലെ കത്തും അടിസ്ഥാനമാക്കിയാണ് ജോയിന്റ് രജിസ്ട്രാറുടെ നടപടി. എട്ടുപേരും മറ്റു ക്രഡിറ്റ് സംഘങ്ങളില്‍ അംഗങ്ങളായിരിക്കെയാണ് അര്‍ബന്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അര്‍ബന്‍ ബാങ്ക് ഭരണഘടന ഇത് അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജയപ്രകാശിന്റെയും അനുമോദ്കുമാറിന്റെയും പരാതി. ഇത് പരിശോധിച്ച ജോയിന്റ് രജിസ്ട്രാര്‍, അംഗത്വമെടുക്കുന്ന തീയതിയില്‍ എട്ടുപേര്‍ക്കും പ്രാഥമിക അംഗത്വത്തിനു അയോഗ്യതയുണ്ടെന്നു കണ്ടെത്തി.
ഭരണസമിതി അംഗങ്ങളില്‍ എട്ടുപേര്‍ അയോഗ്യരായതോടെ ബാങ്ക് വീണ്ടും അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലേക്കു നീങ്ങുന്നതിനു സാധ്യത തെളിഞ്ഞു. 13 അംഗ ഭരണസമിതിയാണ് അര്‍ബന്‍ ബാങ്കിന്. എട്ടു പേര്‍ അയോഗ്യരായതോടെ അഞ്ചു പേരാണ് അവശേഷിക്കുന്നത്. ഇത് ബോര്‍ഡ് മീറ്റിംഗിനുള്ള ക്വാറം തികയാന്‍ പര്യാപ്തമല്ല.
ഭരണസമിതി അംഗങ്ങളില്‍ അയോഗ്യരാക്കപ്പെട്ടവര്‍ സഹകരണ രജിസ്ട്രാര്‍ക്ക് അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്. ദീര്‍ഘകാലം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണത്തിലായിരുന്ന ബാങ്കില്‍ യുഡിഎഫ് ഭരണസമിതി സെപ്റ്റംബര്‍ 15നാണ് ചുമതലയേറ്റത്. ഡയറക്ടര്‍ ബോര്‍ഡില്‍ മുസ്ലിം ലീഗിലെ ഒരാള്‍ ഒഴികെയുള്ളവര്‍ കോണ്‍ഗ്രസുകാരാണ്.