Sorry, you need to enable JavaScript to visit this website.

സി.പി.എം ലോക്കൽ സെക്രട്ടറിയെ ഉത്സവപ്പറമ്പിൽ വെട്ടിക്കൊന്നു; കൊയിലാണ്ടിയിൽ നാളെ ഹർത്താൽ

(കൊയിലാണ്ടി) കോഴിക്കോട് - സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി വി സത്യനാഥ(62)നെ ഉത്സവപ്പറമ്പിൽ വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി 10 മണിക്കാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. ശരീരത്തിൽ നാലിലധികം മഴുകൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണെന്നാണ് സംശയമെന്നും ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായും പറയുന്നു.

Read More

 മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റും. കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം തുടങ്ങി. വിവരമറിഞ്ഞ് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, മുൻ എം.എൽ.എ എപ്രദീപ്കുമാർ അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ആശുപത്രിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് (നാളെ) വെള്ളിയാഴ്ച കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
 ലതികയാണ് ഭാര്യ. മക്കൾ സലിൽ നാഥ്, സെലീന സഹോദരങ്ങൾ: വാരിജാക്ഷൻ, വിജയൻ രഘുനാഥ്. സുനിൽകുമാർ.

Latest News