പുല്‍പള്ളി- പൂതാടി പഞ്ചായത്തിലെ ഇരുത്തിലോട്ട് ചെമ്പന്‍കാലായില്‍ അയ്യപ്പന്റെ മരണത്തിന് ഉത്തരവാദികള്‍ ബാങ്ക് അധികൃതരാണെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെയാണ് മനോവിഷമം മൂലം അയ്യപ്പന്‍ മരിച്ചത്. അയ്യപ്പന്‍ 13 സെന്റ് പുരയിടം പണയംവെച്ച് പ്രമുഖ ബാങ്കിന്റെ കേണിച്ചിറ ശാഖയില്‍നിന്നു 2017ലും 2021ലുമായി എടുത്ത വായ്പയില്‍ പത്ത് ലക്ഷത്തോളം രൂപ കുടിശികയാണ്. കാന്‍സര്‍ ബാധിതനായ അയ്യപ്പനു ചികിത്സയ്ക്ക് ലക്ഷക്കണക്കിനു രൂപയാണ് ചെലവായത്. തകര്‍ന്നുവീഴാറായ വീട്ടിലാണ് വയോധികനായ അയ്യപ്പനും ഭാര്യയും കഴിയുന്നത്.
ബാങ്ക് അധികൃതരുടെ മനുഷ്വത്യരഹിതമായ ഇടപെടലാണ് അയ്യപ്പന്റെ മരണത്തിനു ഇടയാക്കിയത്. വായ്പ പൂര്‍ണമായും ഏഴുതിത്തള്ളി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ബാങ്കിന്റെ കേണിച്ചിറ ശാഖ ഉപരോധിക്കുമെന്നും കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
പി. എം. സുധാകരന്‍, കെ. ജി. ബാബു, വര്‍ഗീസ് മുരിയങ്കാവില്‍, പരിതോഷ് കുമാര്‍, കെ. ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.