കൊച്ചി- പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പുനരധിവാസത്തിനും നഷ്ടപരിഹാരം നല്‍കുന്നതിനും ഫലപ്രദമായ പദ്ധതി തയാറാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ദുരന്തത്തിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. നഷ്ടപരിഹാരം നിശ്ചയിച്ച നിലവിലെ നടപടിക്രമം അശാസ്ത്രീയമാണെന്നും എന്തടിസ്ഥാനത്തിലാണ് വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷവും എന്ന രീതിയില്‍ തുക നിശ്ചയിച്ചതെന്നും കോടതി ആരാഞ്ഞു. രണ്ടാഴ്ചയ്ക്കകം പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം പരിഗണിക്കുമ്പോള്‍ എല്ലാ വശങ്ങളും കണക്കിലെടുക്കണമെന്നും അര്‍ഹതപ്പെട്ടവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനം വിലയിരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുതാര്യമായും ശാസ്ത്രീയമായും കാര്യങ്ങള്‍ മുന്നോട്ടുപോകണം. വിദഗ്ധാഭിപ്രായം കണക്കിലെടുക്കണം, നാശനഷ്ടങ്ങളുടെ തോത് അനുസരിച്ചും മുന്‍ഗണനാക്രമത്തിലും നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും ഇല്ലെങ്കില്‍ പരാതി ഉയരുമെന്നും കോടതി പറഞ്ഞു.
പ്രളയക്കെടുതികള്‍ സംബന്ധിച്ച ഹരജികള്‍ നാലായി തരംതിരിച്ചു കേള്‍ക്കേണ്ടതുണ്ടെന്നും ചിലതില്‍ അടിയന്തര ഉത്തരവ് വേണ്ടതാണെന്നും അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു. പ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്നും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാടിന് നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ട മറ്റൊരു ഹരജിയില്‍ തമിഴ്‌നാടിന് നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിച്ചു.