തലശ്ശേരി - തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങൾ കാണാൻ സഞ്ചാരികൾക്കായി തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി.
ഒരേസമയം നഗരകാഴ്ചകളും ആകാശകാഴ്ചകളും യാത്രികർക്ക് ആസ്വദിക്കാനാവുന്ന റൂഫ്‌ലൈസ് ബസിന്റെ ഫ്‌ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നിർവഹിച്ചു. സ്പീക്കർ എ എൻ ഷംസീർ, തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ.എം ജമുനാഖാണി, സബ്കലക്ടർ സന്ദീപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുനു.
പൈതൃക നഗരിയായ തലശ്ശേരിയുടെ ടൂറിസം വളർച്ചക്ക് ഹെറിറ്റേജ് ബസ് മുതൽകൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മന്ത്രിയുടെയും സ്പീക്കറുടെയും നേതൃത്വത്തിൽ തലശ്ശേരിയിൽ ബസിൽ സവാരിയും നടത്തി.
ആദ്യയാത്ര ശനിയാഴ്ച പുറപ്പെടും. തലശ്ശേരി ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂരിലെ ഗുണ്ടർട്ട് സ്‌റ്റോറി ടെല്ലിങ് മ്യൂസിയം,തലശേരി ദേശീയപാതയിലെ പഴയ കോടതി കെട്ടിട സമുച്ഛയം, സെന്റിനറി പാർക്ക്, സിവ്യൂ പാർക്ക്, ഓവർബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവഹർഘട്ട്, കടൽപാലം, പാണ്ടികശാലകൾ, ഗോപാലപേട്ട ഹാർബർ എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസേലിക്ക ചർച്ച്, മൂപ്പൻസ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അഴിയൂരിലെത്തും. ഇവിടെ നിന്ന്
ബൈപാസ് വഴി മുഴപ്പിലങ്ങാട് വഴി തലശ്ശേരിയിൽ തിരിച്ചെത്തുന്നതാണ് നിലവിലെ റൂട്ട് മാപ്പ്. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്
അടുത്തഘട്ടത്തിൽ പൊന്ന്യം ഏഴരക്കണ്ടം, കതിരൂർ സൂര്യനാരായണ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങൾ കൂടി ഉൾപെടുത്തും.
ഏഴു മണിക്കൂറേക്കുള്ള യാത്ര തലശ്ശേരിക്കാർക്ക് പുതിയ അനുഭവ പകരും.
വിദ്യാർഥികൾക്കും ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കും പ്രത്യേക ഇളവോടെയുള്ള പാക്കേജുമുണ്ടാവും. പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കാൻ സ്പീക്കർ എ എൻ ഷംസീർ മുൻ കൈയ്യെടുത്താണ് ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിലെത്തിച്ചത്.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, കെ.എസ്.ആർ.ടി.സി നോർത്ത് സോൺ ജനറൽ മാനേജർ കെ എസ് സരിൻ, ജില്ലാ ഓഫീസർ അനിൽകുമാർ, നഗരസഭ കൗൺസിലർമാർ, കെ.എസ്.ആർ.ടി.സി , ആർ.ടി.ഒ ഉദ്യോഗസ്ഥർ, സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.
ബുക്കിങിന് വേണ്ടി: ടി കെ റിനീഷ് ബാബു 9495650994, കെ ടി ദിബീഷ് 9895221391, സി ഹരീന്ദ്രൻ 9847940624 നമ്പറുകളിൽ ബന്ധപ്പെടാം