Sorry, you need to enable JavaScript to visit this website.

വേദനയിൽ പരിചരിച്ചയാളെ മറക്കാതെ ഈ തെരുവു നായ, മൂന്നു വർഷത്തിനു ശേഷവും തേടിയെത്തി  

ഷിജുവിനെ കണ്ട് വാലാട്ടി ഓടിയെത്തിയ തെരുവുനായ.

കോഴിക്കോട് - മൂന്നു വർഷങ്ങൾക്ക് മുമ്പ് വേദന കൊണ്ട് പുളഞ്ഞ തന്നെ പരിചരിച്ച വ്യക്തിയെ വീണ്ടും കണ്ടപ്പോൾ നന്ദി പ്രകടനവുമായി നായ ഓടിയെത്തിയത് കൗതുകം പടർത്തി. ഉണ്ട ചോറിനും പകർന്ന സ്‌നേഹത്തിനും നന്ദി കാണിക്കുന്നതിൽ മുൻ നിരയിലാണ് നായകൾ എന്നത് തെളിയിക്കുന്ന സംഭവം കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ കൊരയങ്ങാട് സ്വദേശി തെക്കെ തലക്കൽ ഷിജുവിനാണുണ്ടായത്. 
മകളെ ട്രെയിൻ കയറ്റാനായി ഭാര്യയോടൊപ്പം കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷന് സമീപം എത്തിയതായിരുന്നു ഷിജു. ഭാര്യയും മകളും റെയിൽവെ സ്‌റ്റേഷനിലേക്ക് പോയപ്പോൾ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഒരു തെരുവ് പട്ടി തനിക്ക് ചുറ്റും വാലാട്ടി കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. എത്ര ആട്ടിയിട്ടും സ്‌കൂട്ടറിന് ചുറ്റും ഓടി നടന്നും സ്‌നേഹത്തോടെ ഷിജുവിനെ വലം വെച്ചുമുള്ള പട്ടിയുടെ അതിയായ സ്‌നേഹപ്രകടനം തുടർന്നുകൊണ്ടേയിരുന്നു.  ഇതോടെ ഇത് സ്‌റ്റേഷനു പുറത്തുള്ള ഓട്ടോ ഡ്രൈവർമാർക്കും യാത്രക്കാർക്കും മറ്റൊരു കൗതുക കാഴ്ചയായിത്.
എന്നാൽ എന്തുകൊണ്ടാണ് മറ്റുള്ളവരോടൊന്നും കാണിക്കാത്ത സ്‌നേഹ പ്രകടനം തന്നോട് മാത്രം കാണിക്കുന്നത്.
പെട്ടെന്നാണ് ഷിജുവിന്റെ ഓർമ്മയിലേക്ക് മൂന്നു വർഷം മുമ്പുള്ള സംഭവം ഓടിയെത്തിയത്.  തന്റെ വീടിനു സമീപത്ത് എത്തിയ  ഒരു തെരുവ് പട്ടിക്ക് കാലിന് പരുക്കേറ്റപ്പോൾ ചികിത്സയും ഭക്ഷണവും നൽകി പരിചരിച്ചിരുന്നു. വേദന കൊണ്ട് പുളഞ്ഞ അവന് അത് ഏറെ ആശ്വാസം നൽകി. ഏറെ ദിവസം  കഴിഞ്ഞ് അസുഖം ഭേദമായതോടെ അവൻ നന്ദിയോടെ വലാട്ടി തെരുവിലേക്ക് ഓടി മറയുകയും ചെയ്തു.
ആ തെരുവ് നായയാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ്  തന്നെ ആപത്തിൽ നിന്നും രക്ഷിച്ചതിന് ഒരിക്കൽ കൂടി നന്ദി പറയാനാണ് ആ തെരുവ് നായ എത്തിയതെന്ന് ഷിജു അപ്പോഴാണ് തിരിച്ചറിഞ്ഞത്. പയ്യോളി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആണ് ഷിജു.

Latest News