വളാഞ്ചേരി- മുസ്ലിം ലീഗിലെ ഭിന്നതയെ തുടര്‍ന്ന് വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന രാജി വെച്ചു. ചെയര്‍പേഴ് സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചു കൊണ്ടുള്ള കത്ത് ഇന്നലെ വൈകീട്ട് നഗരസഭാ സെക്രട്ടറിക്ക് ഷാഹിന സമര്‍പ്പിച്ചു.
വളാഞ്ചേരി നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സാങ്കേതികത്വം പറഞ്ഞ് സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ തടസ്സം നില്‍ക്കുന്നതിലും ഇവര്‍ക്ക് അനുകൂലമായി മുനിസിപ്പല്‍ ലീഗ് നേതൃത്വം നിലപാടെടുക്കുന്നതിലും പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് ഷാഹിന പറഞ്ഞു.
മാസങ്ങളായി നഗരസഭാ ഭരണ സമിതിയില്‍ പ്രതിസന്ധി നിലനിന്നിരുന്നു. ചെയര്‍പേഴ്‌സണെതിരെ ലീഗ് അംഗങ്ങള്‍ തന്നെ നേതൃത്വത്തെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം 31 ന് സ്ഥാനങ്ങള്‍ രാജി വെക്കുന്നതായി കാണിച്ച് മുനിസിപ്പല്‍ ലീഗ് നേതൃത്വത്തിന് ഷാഹിന കത്ത് നല്‍കി. ചൊവ്വാഴ്ച രാവിലെ മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് രാജിക്കാര്യം അറിയിച്ചതായി ഷാഹിന പറഞ്ഞു. ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന് തങ്ങള്‍ നിര്‍ദ്ദേശിച്ചു. പിന്നീട് മുനിസിപ്പല്‍ ലീഗ് നേതൃത്വത്തോട് കാര്യം അന്വേഷിച്ച ശേഷം രണ്ടു മണിക്കൂറിന് ശേഷം തങ്ങള്‍ രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലീഗ് നേതൃത്വം നിര്‍ബന്ധിച്ചത് കൊണ്ടാണ് അധ്യാപികയായ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പ്രവൃത്തി രാഷ്ട്രീയത്തോട് വിമുഖത തോന്നാന്‍ കാരണമായെന്നും ഷാഹിന പറഞ്ഞു. ഷാഹിന രാജി വെച്ചതോടെ ഡിവിഷന്‍ 28 ല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മുനിസിപ്പല്‍ ഭരണസമിതിയുടെ പരാജയമാണ് ചെയര്‍പേഴ്‌സന്റെ രാജിക്ക് കാരണമായതെന്നും ഭരണസമിതി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.