ദുബായ്- പതിനെട്ട് വർഷമായി ദുബായിൽ തടവിലായിരുന്ന അഞ്ചു ഇന്ത്യക്കാരെ ജയിലിൽനിന്ന് മോചിപ്പിച്ചു. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ നിന്നുള്ള ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരെയാണ് വിട്ടയച്ചത്. ഫെബ്രുവരി 20 ന് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ അഞ്ച് പേരും അവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നുവെന്ന് തെലങ്കാന ഗൾഫ് എൻ.ആർ.ഐ സെൽ കൺവീനർ എസ്.വി റെഡ്ഡി പറഞ്ഞു.
ഇവർ ദുബായിൽ നിർമാണ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു. 2005ൽ നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ ജയിലിൽ കഴിഞ്ഞത്. തുടക്കത്തിൽ പത്തുവർഷം തടവായിരുന്നു ഇവർക്ക് ശിക്ഷ. അപ്പീലിൽ ശിക്ഷ 25 വർഷമാക്കുകയായിരുന്നു. സാമൂഹ്യ സംഘടനകളുടെ ഇടപെടലിൽ ആണ് ശിക്ഷ കുറച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്.