കൊച്ചി- കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന പ്രധാനി പിടിയില്‍. കാക്കനാട് അത്താണി സ്വദേശി വലിയപറമ്പല്‍ വീട്ടില്‍ സുനീര്‍ വി. എ (34) ആണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് (സീസ്) ടീം, എക്‌സൈസ് ഇന്റലിജന്‍സ്, മാമല എക്‌സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള അത്യന്തം വിനാശകാരിയായ 34.5 ഗ്രാം മെത്താംഫിറ്റാമിന്‍ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിനായി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ പക്കല്‍ നിന്ന് തീരെ ചെറിയ സിപ് ലോക്ക് കവറുകളില്‍ വിവിധ അളവുകളില്‍ അടക്കം ചെയ്ത നിലയിലാണ് മയക്കുമരുന്നുകള്‍ കണ്ടെടുത്തത്.
കൂടുതല്‍ സമയം ഉന്‍മേഷത്തോടെ ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതി യുവാക്കളെ ഇയാള്‍ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച് ഇയാള്‍ തന്നെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍പ്പന നടത്തി വരികയായിരുന്നു.
പിടിക്കപ്പെടാതിരിക്കാനാണ് മയക്ക് മരുന്ന് ഇടപാട് ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍പ്പന നടത്തിയിരുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ ബാംഗ്ലൂര്‍ സ്വദേശിയില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന നടത്തിയതിന് കര്‍ണ്ണാടക പൊലീസ് പിടികൂടിയിരുന്നു. അതേ തുടര്‍ന്ന് ബാംഗ്ലൂരില്‍ ജയിലിലായിരുന്നെങ്കിലും ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
ബ്ലാംഗ്ലൂര്‍ ജയില്‍ വച്ച് പരിചയപ്പെട്ട കര്‍ണ്ണാടക സ്വദേശിയില്‍ നിന്നാണ് ഇയാള്‍ വന്‍ തോതില്‍ മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. നേരത്തെ എറണാകുളം കലൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇയാള്‍ അടക്കം മൂന്ന് പേരെ പൊലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു.