കണ്ണൂര്‍- സ്ത്രീകളുടെ അവകാശങ്ങളെകുറിച്ച് ബോധവാന്മാരാക്കുകയും സ്ത്രീകള്‍ക്കെതിരെ വരുന്ന അതിക്രമങ്ങളെ നേരിടാന്‍ ആര്‍ജ്ജവമുള്ളവരാക്കി മാറ്റുകയുമാണ് വനിതാ കമ്മീഷന്റെ ലക്ഷ്യമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ചെറിയ പ്രശ്‌നങ്ങളില്‍ നിന്ന് തുടങ്ങി കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലേക്ക് വരെ എത്തുന്ന വിഷയങ്ങളാണ് കമ്മീഷനില്‍ എത്തുന്ന പരാതികളില്‍ ഏറെയും. ലഹരി ഉപയോഗം മൂലമുള്ള പരാതികളും ഗാര്‍ഹിക പീഡന പരാതികളും വര്‍ധിച്ചു വരികയാണ്. ഇവ ബോധവല്‍ക്കരണത്തിലൂടെയും സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയുള്ള അറിവ് സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ കുറച്ചു കൊണ്ടുവരാന്‍ സാധിക്കൂ. ഇതിനായി ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തും. വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അവര്‍ പറഞ്ഞു.
ആകെ 53 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഏഴ് പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികളില്‍ പോലീസിനോടും മറ്റ് വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. രണ്ട് പരാതി ജാഗ്രത സമിതിയുടെ പരിഗണക്കായി മാറ്റി. 38 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. രണ്ട് പരാതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറി. അദാലത്തില്‍ പാനല്‍ അഭിഭാഷകരായ അഡ്വ. കെ. പി ഷിമ്മി, അഡ്വ. പ്രമീള, കൗണ്‍സിലര്‍ പി. മാനസ ബാബു, വനിത സെല്‍ എ. എസ്. ഐ. ടി വി. പ്രിയ എന്നിവര്‍ പങ്കെടുത്തു.