Sorry, you need to enable JavaScript to visit this website.

എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബവും നാട്ടുകാരും

മലപ്പുറം - എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം കൊലപാതകമാണെന്നാരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്.  പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കിലെത്തിയിരുന്നുവെന്നും പെണ്‍കുട്ടി ഇവരുമായി വാക്കുതര്‍ക്കമുണ്ടായത്  നാട്ടുകാര്‍ കണ്ടിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു. 
പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണെന്നും കുടുംബം പറയുന്നു., പെണ്‍കുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയും രംഗത്തെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തിയത്. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികളും പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ കരാട്ടെ അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊര്‍ക്കടവില്‍ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.

 

Latest News