Sorry, you need to enable JavaScript to visit this website.

ഇസ്താംബൂളിലെ അത്ഭുതരാവ്

ളിയാരാധകരെ വിസ്മയിപ്പിച്ച  ത്രസിപ്പിച്ച നിരവധി പോരാട്ടങ്ങളുണ്ട് ഫുട്‌ബോളിന്റെ ചരിത്രത്തില്‍. കാണികളുടെ ഉള്ളില്‍ തീ നിറക്കുന്ന, ശ്വാസമടക്കി പിടിപ്പിക്കുന്ന ചില പോരാട്ടരാവുകള്‍. കാലമെത്ര കഴിഞ്ഞാലും ആ പോരാട്ടങ്ങള്‍ ഫുട്‌ബോളിന്റെ ചരിത്രങ്ങളില്‍ എന്നും തിളങ്ങി നില്‍ക്കും. അത്തരത്തിലുള്ള ഒരു മത്സരമാണ് 2004-2005 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ എ സി മിലാനും ലിവര്‍പൂളും തമ്മിലുള്ള പോരാട്ടം. മെയ് അവസാനവാരത്തിലെ ആ തെളിഞ്ഞ രാത്രിയില്‍ ടര്‍ക്കിഷ് നഗരമായ ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് സ്റ്റേഡിയം ഇറ്റലിയിലെയും ഇംഗ്ലണ്ടിലെയും ക്ലബ് ആരാധകരാല്‍ നേരത്തെ നിറഞ്ഞിരുന്നു. ഇരു ക്ലബ്ബുകളും ചാമ്പ്യന്‍സ് ലീഗില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴൊക്കെ ലിവര്‍പൂളിനായിരുന്നു ആധിപത്യം. അതിന് പ്രതികാരം ചെയ്യണമെന്ന് ഉറപ്പിച്ചാണ് കാര്‍ലോ ആന്‍സലോട്ടിയുടെ എ സി മിലാന്‍ ഇസ്താംബൂളിലെത്തിയത്. ഏതു ടീമിന്റെയും ആത്മവിശ്വാസം തകര്‍ക്കുന്ന കരുത്തുറ്റ നിരയായിരുന്നു ആന്‍സലോട്ടിയുടേത്. ഗോള്‍വല കാക്കാന്‍ ബ്രസീലിന്റെ  ദിദ. പ്രതിരോധനിരയില്‍ പൗലോ മാള്‍ഡീനി, കഫു, ജാപ് സ്റ്റാം തുടങ്ങിയ ഇതിഹാസങ്ങള്‍.  മധ്യനിരയില്‍ ആന്ദ്രേ പിര്‍ലോ, ക്ലാരന്‍ സീഡോര്‍ഫ്, കക്ക എന്നിവരടങ്ങിയ പ്രതിഭാധനര്‍. മുന്നേറ്റ നിരയില്‍  അര്‍ജന്റീനയുടെ ഗോള്‍ മെഷീന്‍ ക്രെസ്പൊ, ഒപ്പം ഉക്രെയ്ന്‍ സൂപ്പര്‍താരം ഷെവ്‌ചെങ്കോ എന്നീ മിന്നല്‍പ്പിണരുകളും.

റാഫേല്‍ ബെനിറ്റിസിന്റെ 'റെഡ്‌സും ' കരുത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ഗോള്‍ പോസ്റ്റിനു താഴെ പോളണ്ടിന്റെ ഡ്യൂഡക്. പ്രതിരോധത്തില്‍ ഇംഗ്ലണ്ടിന്റെ ജാമി കാരഗര്‍, സ്റ്റീവ് ഫിന്നന്‍, സാമി ഹൈപിയ തുടങ്ങിയ കരുത്തര്‍. ഹാരി കെവിലും സ്റ്റീവന്‍ ജെറാര്‍ഡും ലൂയിസ് ഗാര്‍ഷ്യയും സാബി അലോണ്‍സോയുമടങ്ങുന്ന ഭാവനാസമ്പന്നമായ മധ്യനിര. ഒരുപക്ഷേ ഏക സ്‌ട്രൈക്കറായി  കളിക്കുന്ന ചെക്ക് മുന്നേറ്റ നിരക്കാരന്‍ മിലാന്‍ ബറോസിന്റെ ഫോമില്ലായ്മ  ബെനിറ്റിസിനെ അലട്ടുന്നുണ്ടാവണം. സ്പാനിഷ് റഫറിയായ മാനുവല്‍ മെജുതോ ഗോണ്‍സാലസ് നിയന്ത്രിച്ച മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മിലാന്‍ ലിവര്‍പൂളിനെതിരെ ആദ്യ ഗോള്‍ നേടി. ബോക്‌സിന് മുന്നില്‍ വച്ച് ജിമി ട്രോര്‍ മിലാന്‍ പ്ലേമേക്കര്‍ കക്കയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് പിര്‍ലോ ബോക്‌സിലേക്ക് ക്രോസ് ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ മാള്‍ഡീനിക്ക് അത് ഗോളാക്കി മാറ്റാന്‍ വലിയ പ്രയാസമൊന്നും ഉണ്ടായില്ല. മിലാന്‍ ക്യാമ്പും ആരാധകരും ആഘോഷം തുടങ്ങി. തിരിച്ചടി ശക്തമാക്കാന്‍ ഒരുങ്ങിയ ലിവര്‍പൂളിന് 21-ആം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന്  പരിക്ക് കാരണം ഹാരി കെവിലിനെ നഷ്ടമായി.പകരം വന്നത് ചെക്ക് താരം വ്‌ലാഡിമര്‍ സ്മിസറായിരുന്നു. സ്മിസറിന്റെ വരവ് ലിവര്‍പൂളിന്റെ മധ്യനിരക്ക് ഗുണം ചെയ്തു തുടങ്ങി. ജെറാര്‍ഡിന്റെ ഒരു ക്രോസില്‍ നിന്ന് സ്മിസര്‍ ഉതിര്‍ത്ത ഹെഡ്ഡര്‍ ദിദയെ നല്ലപോലെ പരീക്ഷിച്ചു. കക്കയുടെ പാസില്‍ നിന്ന് ഷെവ്‌ചെങ്കോ ഒരു ഗോള്‍ കൂടി നേടിയെങ്കിലും അത് ഓഫ് സൈഡായി വിധിച്ചു. പക്ഷെ 39, 44 മിനിറ്റുകളില്‍ ക്രെസ്പൊ വീണ്ടും ലിവര്‍പൂളിന്റെ ഗോള്‍വല ചലിപ്പിച്ചു. ഒരു ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ഇടവേളക്ക് പിരിയുമ്പോള്‍ ലിവര്‍പൂള്‍ മൂന്ന് ഗോള്‍ വഴങ്ങിയിരുന്നു. ഇടവേള കഴിഞ്ഞെത്തിയ ലിവര്‍പൂള്‍ നിരയില്‍ ഒരു മാറ്റം വന്നു. പ്രതിരോധത്തില്‍ നിന്ന് സ്റ്റീവ് ഫിന്നനെ പിന്‍വലിച്ച് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍  ഡയറ്റ്മര്‍ ഹമാനെ ഇറക്കി ബനിറ്റിസ് മധ്യനിര വികസിപ്പിച്ചു. അതിന്റെ ഫലം കണ്ടുതുടങ്ങി.54-ആം മിനിറ്റില്‍ നോര്‍വെയുടെ ജോണ്‍ ആര്‍നെ റൈസിന്റെ ഒരു ഇടങ്കാലന്‍ ക്രോസിനെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഹെഡ്ഡറിലൂടെ സ്റ്റീവന്‍ ജെറാര്‍ഡ് ദിദ കാത്ത മിലാന്റെ പോസ്റ്റില്‍ എത്തിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ മിലാന്‍ ശരിക്കും ഭയന്നിട്ടുണ്ടാകണം. സാബി അലോണ്‍സോ നീക്കി നല്‍കിയ പന്ത് ഹമാന്‍ സ്മിസറിന്റെ വലത് കാലിലേക്ക് കൃത്യമായി നീക്കി നല്‍കി. സ്മിസറിന്റെ കരുത്തുറ്റ ഷോട്ട് മിലാന്‍ ഗോള്‍വലയുടെ വലതു മൂലയില്‍ വിശ്രമിച്ചു. അറ്റാതുര്‍ക്ക് സ്റ്റേഡിയത്തിന് പതിയെ ചൂടുപിടിച്ചു തുടങ്ങി. ഒപ്പം ലിവര്‍പൂള്‍ ആരാധകര്‍ക്കും. ജെറാര്‍ഡിന്റെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ മിലാന്റെ ഗോള്‍മുഖത്ത് നിരന്തരം ഭീതി സൃഷ്ടിച്ചു. അതിന്റെ ഫലം ഒരു പെനാല്‍റ്റിയുടെ രൂപത്തില്‍ ലിവര്‍പൂളിനെ തേടിയെത്തി. ജെറാര്‍ഡിന്റെ ഗോളെന്നുറച്ച മുന്നേറ്റത്തെ ജെന്നാരോ ഗട്ടൂസോ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ചതായിരുന്നു ആ നിര്‍ണായക പെനാല്‍റ്റി. സാബി അലോണ്‍സോ എടുത്ത കിക്ക് ഡൈവ് ചെയ്ത് ദിദ തടഞ്ഞെങ്കിലും  റീബൗണ്ടിലൂടെ സാബി തന്നെ ആ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

മൂന്ന് ഗോളിന് പിന്നില്‍ നിന്നിരുന്ന ഒരു ടീം ആറ് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നു. മിലാനും അറ്റാതുര്‍ക്ക് സ്റ്റേഡിയവും ഞെട്ടി പോയ നിമിഷം. പിന്നീട് ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഗോളുകള്‍ ഒന്നും പിറന്നില്ല. മിലാന്‍  സീഡോര്‍ഫ്, ക്രെസ്പൊ എന്നിവര്‍ക്ക് പകരം  സെര്‍ജിഞ്ഞോ, ജോണ്‍ ടോമസണ്‍ എന്നിവരെയും ലിവര്‍പൂള്‍  ബറോസിന് പകരം ജിബ്രീല്‍ സിസ്സെയേയും പരീക്ഷിച്ചെങ്കിലും മത്സരത്തിന് മാറ്റങ്ങള്‍ ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുഴുവന്‍ സമയവും അധികസമയവും കഴിഞ്ഞ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്  എത്തിയപ്പോള്‍ ഇരു ടീമുകളുടെയും നെഞ്ചിടിപ്പ് കൂടിയിരുന്നു. എ സി മിലാനായി ആദ്യ കിക്കെടുത്ത സെര്‍ജീഞ്ഞോ തന്റെ അവസരം ക്രോസ്ബാറിന്റെ മുകളിലൂടെ പുറത്തെത്തിച്ചു. ലിവര്‍പൂളിനായി ആദ്യ കിക്കെടുത്ത ഡയറ്റ്മര്‍ ഹമാന്‍ ഗോള്‍ നേടി. പിന്നാലെ മിലാന്‍ ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് പിര്‍ലോ എടുത്ത കിക്ക് ഡ്യൂഡക് തടുത്തിട്ടു. ജിബ്രില്‍ സിസ്സെ തന്റെ ഊഴം ഗോളാക്കി മാറ്റിയപ്പോള്‍, മിലാനായി ജോണ്‍ ടോമസന്‍ ആദ്യ ഗോള്‍ നേടി. ലിവര്‍പൂളിനായി റൈസ് എടുത്ത കിക്ക്  ദിദ തടയുകയും, പിന്നാലെ വന്ന കക്ക ഗോള്‍ നേടുകയും കൂടി  ചെയ്തപ്പോള്‍ മത്സരം സമനിലയിലായി. ലിവര്‍പൂളിന്റെ നാലാമത്തെ കിക്ക് വ്‌ലാഡിമര്‍ സ്മിസര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍, മിലാന്റെ അവസാന കിക്ക് എടുത്ത  ഷെവ്‌ചെങ്കോയുടെ ഷോട്ടും ഡ്യൂഡക് തടുത്തിട്ടപ്പോള്‍ ലിവര്‍പൂള്‍ തങ്ങളുടെ അഞ്ചാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയായിരുന്നു. കാര്‍ലോ ആന്‍സലോട്ടിക്കും എ സി മിലാന്‍ താരങ്ങള്‍ക്കും അത്ര വേഗത്തിലൊന്നും ആ രാത്രിയെ മറക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഒപ്പം മിലാന്‍ ആരാധകര്‍ക്കും. ആധുനിക ഫുട്‌ബോള്‍ ചരിത്രങ്ങളിലെ മികച്ച ക്ലാസിക് പോരാട്ടങ്ങളില്‍ ഒന്നായി ആ ഫൈനല്‍ ഇന്നും തിളങ്ങി നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ' മിറാക്കിള്‍ ഓഫ് ഇസ്താംബൂള്‍ ' എന്ന അപരനാമത്തില്‍ ഇന്നും ആ രാത്രി അറിയപ്പെടുന്നത്.

 

 

Latest News