Sorry, you need to enable JavaScript to visit this website.

ബിഷപ്പിന്റെ അറസ്റ്റിനായി കന്യാസ്ത്രീയുടെ  ബന്ധുക്കൾ ഹൈക്കോടതിയിലേക്ക്

കോട്ടയം- പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കേസ് അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളുടെ പുതിയ നീക്കം. അന്വേഷണ മേൽനോട്ട ഉദ്യോഗസ്ഥനായ ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ബിഷപ്പിനെ വിളിച്ചുവരുത്താൻ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ബന്ധുക്കളുടെ നടപടി.
രണ്ടു മാസം പിന്നിട്ടിട്ടും ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങാൻ അന്വേഷണ സംഘം തയാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്. കന്യാസ്ത്രീയുടെ ബന്ധുക്കൾ ഈയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഐ ജി വിജയ് സാഖറേയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഉന്നതതല യോഗം ചേർന്നെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്താനോ അന്തിമ തീരുമാനത്തിലെത്താനായില്ല. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നൽകാനും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനമായിരുന്നു ആ ലോചന. എന്നാൽ ഐ ജി, കോട്ടയം എസ് പി ഹരിശങ്കർ ,വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവർ ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയെങ്കിലും മറ്റ് തുടർ നടപടികളിൽ യാതൊരു തീരുമാനവുമെടുക്കാനായില്ല. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിന് തീരുമാനിച്ചിട്ടില്ലെന്ന് യോഗത്തിനു ശേഷം കോട്ടയം എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 
ഈ മാസം അവസാനം ഹൈക്കോടതിയെ സമീപിക്കാനാണ് കന്യാസ്ത്രീയുടെ ബന്ധുക്കളുടെ ശ്രമം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷട്രീയക്കാരും ചേർന്ന് കേസ് അട്ടിമറിക്കുകയാന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണ ഉദോഗസ്ഥനിൽ വിശ്വാസ മുണ്ടെങ്കിലും പോലിസിലെ ഉന്നതരെയും സർക്കാരിനെയും വിശ്വാസമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു. കേസില്ലാതാക്കാൻ ബിഷപ്പ് അനുകൂലികളായ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. കേസിലെ തുടർ നടപടികളിൽ കാലതാമസമുണ്ടായാൽ പോലീസിന് കൈമാറിയ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
 

Latest News