Sorry, you need to enable JavaScript to visit this website.

തൃശൂരില്‍  രണ്ടിടങ്ങളില്‍ വാഹനാപകടം രണ്ടുപേര്‍ മരിച്ചു; നാലു ദിവസത്തിനിടയില്‍ നാല് അപകട  മരണങ്ങള്‍

തൃശൂര്‍- തൃശൂരില്‍ പുഴയ്ക്കലിലും പൂത്തോളിലും  ഉണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. പൂത്തോളില്‍ സ്‌കൂട്ടര്‍ യാത്രിക ബൈക്കിടിച്ച്  ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ചു വീണാണ്  മരിച്ചത്.

hൂത്തോള്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ജീവനക്കാരിയും കാര്യാട്ടുകര സ്വാമി പാലത്തിന് സമീപം ബെല്‍റ്റാസ് നഗറില്‍ പേപ്പാറ വീട്ടില്‍
പി. എസ്. ഡെന്നിയുടെ ഭാര്യയുമായ പി. ബി. ബിനിമോളാണ് (43) മരിച്ചത്.

രാവിലെ പത്തേമുക്കാലോടെ പൂത്തോള്‍ വഞ്ചിക്കുളത്തിനടുത്തു വെച്ചായിരുന്നു അപകടം.
ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറുകയായിരുന്നു. ഇരു കൈകളും തകര്‍ന്ന് അതീവഗുരുരാവസ്ഥയിലായ ഇവരെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുന്‍പ് പെര്‍ഫെക്ട് എന്ന സ്റ്റുഡിയോ നടത്തിയിരുന്ന ബിനിമോള്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ്.

മക്കള്‍: ആഷ്ന, ആല്‍ഡ്രിന്‍, അര്‍ജ്ജുന രശ്മി.  
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തും. തൃശൂര്‍ വെസ്റ്റ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

മറ്റൊരു അപകടത്തില്‍ പുഴക്കല്‍ ജില്ലാ വ്യവസായ പാര്‍ക്കിന് സമീപം കാല്‍നട യാത്രികന്‍ ലോറിയിടിച്ചു മരിച്ചു. കാനാട്ടുകര കേരളവര്‍മ്മ കോളജിനു സമീപം വൃന്ദാവനത്തില്‍ രാമകൃഷണനാണ് (50) മരിച്ചത്.

രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പുഴക്കലിലെ സര്‍വീസ് സെന്ററില്‍ വാഹനം സര്‍വീസിന് ഏല്‍പ്പിച്ച ശേഷം നടന്നു പോകുമ്പോള്‍ തൃശൂര്‍ ഭാഗത്തുനിന്നും അമിതവേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷാര്‍ജയില്‍ മെക്കാനിക്ക് ആയിരുന്നു രാമകൃഷ്ണന്‍.
പാര്‍സല്‍ കയറ്റി വന്നിരുന്ന ലോറിയേയും  ഡ്രൈവറെയും  വെസ്റ്റ്  പൊലീസ് കസറ്റഡിയില്‍ എടുത്തു.

കഴിഞ്ഞ നാലു ദിവസത്തിനിടെ തൃശൂര്‍ നഗരത്തിലും സമീപത്തുമായി നാലുപേരാണ് വിവിധ അപകടങ്ങളില്‍ മരിച്ചത്.

Latest News