Sorry, you need to enable JavaScript to visit this website.

വന്യമൃഗശല്യം; കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടും: ഭൂപേന്ദ്ര യാദവ്

സുല്‍ത്താന്‍ ബത്തേരി- വയനാട്ടിലടക്കം വര്‍ധിക്കുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ദൊട്ടപ്പന്‍കുളം ഹോട്ടല്‍ ഗ്രാന്‍ഡ് ഐറീസില്‍ എന്‍. ഡി. എ നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനനിയമത്തില്‍ പല ഭേദഗതികളും വരുത്തിയിട്ടുണ്ട്. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിലാണ് ഭേദഗതികള്‍ കൊണ്ടുവന്നത്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ വേണ്ടവിധം ജനങ്ങളെ ബോധ്യപ്പടുത്തുന്നില്ല. കര്‍ഷക നേതാക്കള്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും. 

ദക്ഷിണേന്ത്യയില്‍ കടുവകളുടെയും ആനകളുടെയും പ്രധാന ആവാസ വ്യവസ്ഥയാണ് കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ള  ബന്ദിപ്പുര, നാഗരഹോള, മുതുമല, വയനാട് പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ഏതു രീതിയില്‍ ഇടപെടണം എന്നതില്‍ പഠനം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. 

ബി. ജെ. പി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്, എന്‍. ഡി. എ നേതാക്കളായ സുധീര്‍, രഞ്ജിത്ത്, കെ. സദാനന്ദന്‍, കെ. പി. മധു, പി. സി. മോഹനന്‍, കെ. മോഹനന്‍, രാജന്‍, പ്രശാന്ത് മലവയല്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ജില്ലയിലെ വന്യജീവി സംഘര്‍ഷം മന്ത്രി പങ്കെടുത്ത എന്‍. ഡി. എ യോഗത്തില്‍ ചര്‍ച്ചയായി. വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടുന്നില്ലെന്ന ഇടതു, വലതു  പാര്‍ട്ടികളുടെ ആരോപണം എന്‍. ഡി. എ ജില്ലാ നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനം സമര്‍പ്പിച്ച 620 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്ന ആരോപണത്തിലേക്കും നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു.

Latest News