Sorry, you need to enable JavaScript to visit this website.

പ്രവാചകന്റെ മഖ്ബറ: പ്രചരിക്കുന്നത്  വ്യാജ ഫോട്ടോകൾ

മദീന- പ്രവാചകർ മുഹമ്മദ് നബി (സ) അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയുടെ ഫോട്ടോകൾ എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ഫോട്ടോകളാണെന്ന് പണ്ഡിതരുടെ സ്ഥിരീകരണം. പ്രവാചകന്റെ മഖ്ബറയെന്ന പേരിൽ പ്രചരിക്കുന്ന പ്രധാന ഫോട്ടോയിൽ കാണുന്ന ഖബറിനു മുകളിൽ വിരിച്ച തുണിയിൽ തുർക്കിയിൽ മറവു ചെയ്ത, പേർഷ്യൻ സാഹിത്യകാരനായ ജലാലുദ്ദീൻ ഇബ്‌നു റൂം എന്ന് രേഖപ്പെടുത്തിയത് വ്യക്തമായി കാണാൻ കഴിയും. പ്രവാചകനെ ഖബറടക്കിയതിനു തൊട്ടടുത്താണ് ഒന്നാം ഖലീഫയായ അബൂബക്കറി(റ)നെയും രണ്ടാം ഖലീഫയായ ഉമറി(റ)നെയും മറവു ചെയ്തത്. വ്യാജ ഫോട്ടോയിൽ ഒരു മഖ്ബറ മാത്രമാണുള്ളത്. ഇത് പ്രവാചകന്റെ മഖ്ബറയാണെങ്കിൽ സമീപത്തു തന്നെ മറ്റു രണ്ടു മഖ്ബറകൾ കൂടി കാണേണ്ടതാണ്. പ്രവാചകന്റെ മഖ്ബറ ഉൾപ്പെടുന്ന സ്ഥലം എന്ന വ്യാജേന പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ ഫലസ്തീനിലെ മസ്ജിദിൽ നിന്നുള്ളതാണ്. മസ്ജിദിനകത്ത് സ്ഥാപിച്ച തമ്പിനുള്ളിലാണ് പ്രവാചകന്റെ മഖ്ബറയെന്ന് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നവർ വാദിക്കുന്നു. പ്രവാചകന്റെ മഖ്ബറയുടെ ചിത്രം എന്ന പേരിൽ ഈ ഫോട്ടോകൾ മുസ്‌ലിം വീടുകളിൽ ചുമരുകളിൽ തൂക്കിയിടാറുണ്ട്.  


നിലവിലെ സാഹചര്യത്തിൽ ഒരു രാഷ്ട്ര നേതാവിനും പ്രവാചക മഖ്ബറ കാണാൻ സാധിക്കില്ല. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും എത്തുന്ന സാധാരണക്കാരായ വിശ്വാസികൾക്കും ഭരണാധികാരികൾക്കുമെല്ലാം ഒരേ കാഴ്ചയാണ് മസ്ജിദുന്നബവിയിലുള്ളത്. 
പ്രവാചകനെയും ഒന്നാം ഖലീഫയെയും രണ്ടാം ഖലീഫയെയും ഖബറടക്കിയ മുറിക്ക് പുറത്ത് ഭിത്തി മറച്ച് തൂക്കിയ പച്ച നിറത്തിലുള്ള കർട്ടനാണ് എല്ലാവർക്കും കാണാനാവുക. കർട്ടനു പിന്നിലുള്ള ഭിത്തി ഹിജ്‌റ 91 ൽ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസാണ് നിർമിച്ചത്. അസ്ത്ര രൂപത്തിൽ അഞ്ചു മൂലകളോടെ നാലു ഭാഗവും പൂർണമായും മറച്ച് മേൽക്കൂരയോടെ നിർമിച്ച ഭിത്തിക്ക് വാതിലുകളില്ല. ഭിത്തിക്ക് വശങ്ങളിൽ ആറു മുതൽ എട്ടു മീറ്റർ വരെയാണ് നീളം. ഉയരം ആറര മീറ്ററും. വിശുദ്ധ കഅ്ബാലയം നിർമിക്കുന്നതിന് ഉപയോഗിച്ചതിന് സദൃശമായ കറുത്ത കല്ലുകൾ ഉപയോഗിച്ചാണ് ഈ ഭിത്തി നിർമിച്ചിരിക്കുന്നത്. ഇതിനകത്താണ് പ്രവാചകന്റെയും അനുചരന്മാരുടെയും ഭൗതിക ശരീരങ്ങൾ മറവു ചെയ്ത മുറിയുള്ളത്. ഈ മുറിയുടെ ഭിത്തിയുടെ നീളം പത്തു മുഴവും (അഞ്ചു മീറ്റർ) വീതി ഏഴു മുഴവും (മൂന്നര മീറ്റർ) ഉയരം മൂന്നു മീറ്ററുമാണ്. അടച്ച മേൽക്കൂരയോടു കൂടിയ ഈ മുറിക്കും വാതിലുകളില്ല. 

പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറുകൾക്കും നിലവിൽ എല്ലാവർക്കും പുറത്തു നിന്ന് കാണുന്നതിന് കഴിയുന്ന പച്ച കർട്ടനും ഇടയിൽ വാതിലുകളില്ലാത്ത, പൂർണമായും അടച്ച രണ്ടു ചുമരുകളുമുണ്ട്. ഹിജ്‌റ 91 മുതൽ മഖ്ബറകൾ അടങ്ങിയ മുറിയിൽ ഒരിക്കൽ ഒഴികെ ആരും പ്രവേശിച്ചിട്ടില്ല. 800 വർഷത്തെ ഇടവേളക്കു ശേഷം ഹിജ്‌റ 881 ശവ്വാൽ അഞ്ചിന് ആയിരുന്നു ഈ മുറിയിൽ പുറത്തു നിന്നുള്ളവർ പ്രവേശിച്ചത്. പുറത്തു നിന്ന് ആദ്യമുള്ള, കറുത്ത കല്ലുകൾ കൊണ്ട് നിർമിച്ച ഭിത്തി തകർന്ന് ഉൾവശത്തെ മുറിയുടെ കിഴക്കു വശത്തെ ഭിത്തിയിലേക്ക് ചെരിഞ്ഞതിനെ തുടർന്നായിരുന്നു അത്. മദീന ഗവർണറും പണ്ഡിതരും റൗദാ ശരീഫിൽ യോഗം ചേർന്നാണ് രണ്ടു ചുമരുകളും വീണ്ടും തുറക്കുന്നതിന് തീരുമാനിച്ചത്. രണ്ടു ചുമരുകളും തുറന്നതോടെ മുറിയുടെ ഉൾവശം കാണാനായി. ഭിത്തികൾ തുറക്കുന്നതിനും മഖ്ബറകൾ അടങ്ങിയ മുറിയിൽ പ്രവേശിക്കുന്നതിനും അളവുകൾ എടുക്കുന്നതിനും രൂപീകരിച്ച സമിതി അംഗങ്ങളിൽ ഒരാളായിരുന്നു ഹിജ്‌റ 911 ൽ അന്തരിച്ച, വഫാ അൽവഫാ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ നൂറുദ്ദീൻ ബിൻ അലി സംഹൂദി. ഈ ഗ്രന്ഥം ഇന്നും നിലവിലുണ്ട്. 


മഖ്ബറകൾ അടങ്ങിയ മുറിയുടെ നിലം മണലാണെന്ന് നൂറുദ്ദീൻ ബിൻ അലി സംഹൂദി തന്റെ ഗ്രന്ഥത്തിൽ പറയുന്നു. മസ്ജിദുന്നബവിയുടെ നിലത്തിന്റെ നിരപ്പിൽനിന്ന് ഒന്നര മുഴം (60 സെന്റീ മീറ്റർ) താഴെയാണ് മുറിയുടെ നിലത്തിന്റെ നിരപ്പ്. കാലപ്പഴക്കം മൂലം ഖബറുകളുടെ വളരെ ചെറിയ അടയാളങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഈ മുറിയുടെ മേൽക്കൂരക്കു പകരം എട്ടു മീറ്റർ ഉയരമുള്ള ഖുബ്ബ നിർമിച്ചു. ഈ ഖുബ്ബ നിലവിൽ പുറത്തു നിന്ന് കാണുന്ന പച്ച ഖുബ്ബക്ക് താഴെയാണ്. ഇതിനു ശേഷം മുറി നാലു ഭാഗവും വാതിലുകളില്ലാത്ത രണ്ടു ചുമരുകൾ നിർമിച്ച് പൂർണമായും അടച്ചു. ഹിജ്‌റ 881 ലായിരുന്നു ഇത്. ഇതിനു ശേഷം 560 വർഷത്തിനിടെ ഇന്നു വരെ മുറിയിൽ ആരും പ്രവേശിച്ചിട്ടില്ല. 
പുരാതന കാലത്ത് പ്രവാചക മഖ്ബറ അടങ്ങിയ മുറിക്ക് പുറത്ത് വേലിയുണ്ടായിരുന്നില്ല. ഈ മുറിയുടെ ചുമരുകൾക്കു ചുറ്റും അനാചാരങ്ങൾ നടക്കുന്നത് ഹിജ്‌റ 668 ൽ നടത്തിയ മദീന സന്ദർശനത്തിനിടെ ശ്രദ്ധയിൽ പെട്ട റുക്‌നുദ്ദീൻ അൽദാഹിർ അൽബൈദാ ആണ് ചുമരുകൾക്കു ചുറ്റും വേലി നിർമിച്ചത്. മൂന്നു വാതിലുകളോടെ, മൂന്നു മീറ്റർ ഉയരത്തിലാണ് നാലു ഭാഗത്തും വേലി നിർമിച്ചത്. ഈ വേലി ഹിജ്‌റ 886 റമദാൻ 13 നുണ്ടായ മസ്ജിദുന്നബവിയിലെ രണ്ടാമത് അഗ്നിബാധ വരെ നിലനിന്നു. അഗ്നിബാധയിൽ വേലി നശിച്ചു. ഇപ്പോഴത്തെ വേലി സുൽത്താൻ അൽനസ്ർ അശ്‌റഫ് ബായിത് ബായിയുടെ കാലത്ത് ഹിജ്‌റ 887 ൽ ഈജിപ്തിൽ നിർമിച്ച് ഹിജ്‌റ 888 ൽ (എ.ഡി 1483) സ്ഥാപിച്ചതാണ്. റൗദയിലെ നിലവിലെ മിഹ്‌റാബും ഇതേ വർഷം നിർമിച്ചതാണ്. ഇക്കാര്യം വേലിയിലും മിഹ്‌റാബിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ വർഷം തന്നെയാണ് മഖ്ബറക്കു മുകളിൽ കാണുന്ന പച്ച ഖുബ്ബയും മിനാരവും നിർമിച്ചത്. എന്നാൽ ഖുബ്ബയിൽ പിന്നീട് വിള്ളൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് നാലു വർഷത്തിനു ശേഷം ഹിജ്‌റ 892 ൽ ഖുബ്ബയും മിനാരവും പുനർനിർമിച്ചു. നാലു കൂറ്റൻ തൂണുകളിൽ നിർമിച്ച ഖുബ്ബയുടെ ഉയരം 28 മീറ്ററാണ്. ഖുബ്ബ നിർമിച്ച വർഷം ഇതിന്റെ ഉൾഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഖുബ്ബക്ക് പച്ച പെയിന്റടിച്ചത് ഹിജ്‌റ 1253 ലാണ്. അതിനു മുമ്പ് ഖുബ്ബക്ക് വെള്ള നിറമായിരുന്നു. 
പുറത്തു നിന്ന് കാണുന്ന വേലിക്കും ഉൾവശത്ത് ചുമരിന് പുറത്തുള്ള പച്ച കർട്ടനും ഇടയിലുള്ള സ്ഥലം ഇടക്കിടെ വൃത്തിയാക്കാറുണ്ട്. ഇത് വിശ്വാസ യോഗ്യരായ ഉദ്യോഗസ്ഥരാണ് നടത്തുന്നത്. ക്ലീനിംഗ് ജോലിക്കിടെ ഇവിടെ നിന്ന് ശേഖരിക്കുന്ന പൊടിപടലങ്ങൾ സഞ്ചിയിലാക്കി ആർക്കും ലഭിക്കാത്ത നിലയിൽ ഉപേക്ഷിക്കുകയാണ് പതിവ്. മുമ്പ് ഇവിടെ നിന്ന് ശേഖരിച്ചിരുന്ന പൊടികൾ, പ്രവാചക മഖ്ബറ അടങ്ങിയ മുറിയിൽ നിന്ന് ശേഖരിച്ച പൊടിയാണെന്ന വ്യാജേന ഭീമമായ തുകക്ക് വിൽക്കുന്ന പ്രവണതയുണ്ടായിരുന്നു. നിലവിൽ ഇത്തരം അന്ധവിശ്വാസങ്ങളൊന്നും ഇവിടെ ഹറംകാര്യ വകുപ്പ് അനുവദിക്കുന്നില്ല. പഴയ കർട്ടൻ മാറ്റി നിലവിലെ പച്ച കർട്ടൻ ഫഹദ് രാജാവിന്റെ കാലത്ത് ഹിജ്‌റ 1406 ൽ സ്ഥാപിച്ചതാണ്. തന്റെ ഖബറിടം ആരാധിക്കപ്പെടുന്ന കേന്ദ്രമാക്കി മാറ്റരുതെന്ന പ്രവാചക(സ)ന്റെ പ്രാർഥനയുടെ ഫലമാണ് ആർക്കും കാണാൻ കഴിയാത്ത വിധം മഖ്ബറ സംരക്ഷിക്കപ്പെടുന്നത്. മഖ്ബറ നേരിൽ കാണുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിൽ അവിടെ നടക്കുന്ന അനാചാരങ്ങൾക്ക് കൈയും കണക്കുമുണ്ടാകില്ലെന്നും പണ്ഡിതന്മാർ പറയുന്നു.

Latest News