Sorry, you need to enable JavaScript to visit this website.

ശിഹാബ് തങ്ങളുടെ ദീപ്ത സ്മരണകള്‍ക്ക് ഒന്നര പതിറ്റാണ്ട്; പ്രാർഥനക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി

മലപ്പുറം-സൗമ്യവും ദീപ്തവുമായ ഇടപെടലുകളിലൂടെ  ജനസഹസ്രങ്ങളുടെ ഹൃദയം കവര്‍ന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്.  ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ മുസ്ലിം സമൂഹം ആര്‍ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകളെ പഠിപ്പിച്ച ശിഹാബ് തങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിലെടുക്കേണ്ട നയം എന്താണെന്നു കാണിച്ച് തന്നാണ് വിടപറഞ്ഞ്. മത മൈത്രിയും സാമൂഹിക ഐക്യവും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ജീവിതത്തിലുടനീളം അദ്ദേഹം ഉദ്ഘോഷിച്ചു.
തലയെടുപ്പ് കൊണ്ടു വ്യതിരിക്തനായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേര്‍ന്ന അദ്ദേഹം തന്നെ സമീപിച്ചെത്തുന്ന പരശതം ജനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യസംബന്ധവുമായ കാര്യങ്ങള്‍ പരിഹരിച്ച ജനകീയ നേതാവായിരുന്നു.  ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുര്‍ബല നിമിഷങ്ങളില്‍ സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അടുക്കാവുന്ന തരത്തില്‍ തങ്ങള്‍ അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്.
മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്  തന്റെ ഈ നിലപാട് കൊണ്ടാണ്.  അങ്ങനെ നിര്‍ണായകമായ ചരിത്രമുഹൂര്‍ത്തങ്ങളില്‍ കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിര്‍വഹിച്ച നേതാവായ ശിഹാബ് തങ്ങളുടെ ഓര്‍മ പുതിക്കി ഇന്നലെ  ശഅ്ബാന്‍ 10ന് പാണക്കാട് മാഖാമില്‍ സിയാറത്ത് നടന്നു. സിയാറത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എന്നിവരും തങ്ങളുടെ സ്നേഹജനങ്ങളും പങ്കെടുത്തു.

 

Latest News