Sorry, you need to enable JavaScript to visit this website.

മലയാള അക്ഷര ചിഹ്നങ്ങൾ ഉറപ്പിക്കാൻ എളുപ്പ വഴിയുമായി റിട്ട. അധ്യാപകൻ

വടകര  - മലയാളം ചിഹ്നാക്ഷരത്തെറ്റും ഉച്ചാരണത്തെറ്റും വരാതെ എങ്ങനെ മികവുറ്റതാക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തി പരിഹാരവുമായി റിട്ട: അധ്യാപകൻ. 
 വിവിധ സ്‌കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകി ഭാഷാപരമായ തെറ്റുവരാതെ മികവുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് ഇരിങ്ങണ്ണൂർ എൽ.പി സ്‌കൂളിൽ നിന്ന് വിരമിച്ച കെ കുമാരൻ. ഈ ഗവേഷണത്തിന് സർവ്വശിക്ഷാ അഭിയാൻ (ഡയറ്റ്) സാമ്പത്തിക സഹായം നൽകി പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും പഠനം പൂർത്തിയാക്കുന്നവരിൽ പലർക്കും ഇന്ന് തെറ്റുകൂടാതെ മലയാളം എഴുതാനാവുന്നില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുതിർന്ന ക്ലാസ്സുകളിൽ പോലും പലരും ധാരാളം തെറ്റുകൾ വരുത്തുന്നുണ്ട്. 
 ലേഖന ചിഹ്നങ്ങളിലും ഉച്ചാരണത്തിലുമാണ് കൂടുതൽ തെറ്റുകൾ വരുത്തുന്നത്. ഒന്നാം ക്ലാസ്സു മുതൽ തന്നെ തെറ്റുകൾ പരിഹരിക്കാൻ പരിശീലനം നൽകിയാൽ ലേഖനത്തിലും ഉച്ചാരണത്തിലും തെറ്റുകൾ വരുത്തുന്നത് ഒരു പരിധി വരെ തടയാനാകുമെന്നാണ് 36 വർഷത്തെ അധ്യാപകജീവിതത്തിനിടയിൽ 35 വർഷവും ഒന്നാം ക്ലാസ് അധ്യാപകനായ ഇദ്ദേഹം പറയുന്നത്. വിവിധ സ്‌കൂളുകളിൽ ഈ ഗവേഷണ പ്രവർത്തനം വിജയകരമായി നടത്തിയിട്ടുമുണ്ട്. 
 ഒട്ടനവധി ശിശു സൗഹൃദപരമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുത്ത് അവരെ മികവുറ്റതാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദ്യാലയാന്തരീക്ഷത്തിന് നവചൈതന്യം പ്രദാനം ചെയ്യാൻ, ഭാഷാപരമായ മികവു വളർത്തിയെടുക്കാൻ വിവിധ മാതൃകയിലുള്ള പ്രവർത്തനത്തിന് കഴിയുമെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 
 സർവ്വീസിൽ നിന്ന് വിരമിച്ചതിനു ശേഷം കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രവർത്തനം നൽകിക്കൊണ്ടിരിക്കുകയാണ്. ഈ രീതി ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ നമ്മുടെ വിദ്യാർത്ഥി സമൂഹം നേരിടുന്ന ഭാഷാപരമായ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ചിഹ്നങ്ങൾ പരസ്പരം മാറി പോവുന്നതാണ് ചിലരുടെ പ്രശ്‌നം. അതിന് പരിഹാരമായി ക്രിയാ ഗവേഷണത്തിലൂടെ ചിഹ്നങ്ങൾ എഴുതിയ കാർഡുകളും, അക്ഷര കാർഡുകളും ബഞ്ചിൽ വിതറി കുട്ടികളെ 5 ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും 20 മിനിറ്റ് സമയം നൽകും. ഏത് ഗ്രൂപ്പാണോ കൂടുതൽ പദങ്ങൾ നിർമിക്കുന്നത് അവർ വിജയികളാകും. അടുത്ത ദിവസം ഇത് വ്യക്തിഗതമായി നൽകും. പിന്നീട് അക്ഷരങ്ങൾ ക്രമം തെറ്റിച്ച് നൽകുകയും വിട്ടുപോയ അക്ഷരങ്ങൾ പൂരിപ്പിക്കാനും, ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചും, പദങ്ങൾ നിർമിച്ചും ചിഹ്നമില്ലാത്ത വാക്കുകൾ നൽകി കുട്ടികളെ കൊണ്ട് ചെയ്യിച്ചും കളികളിലൂടെ മനസിൽ ഉറപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് കുമാരൻ മാസ്റ്റർ പറഞ്ഞു.

Latest News