കല്‍പറ്റ - സുല്‍ത്താന്‍ബത്തേരി താലൂക്കിലെ കിടങ്ങനാട് വില്ലേജില്‍ ചെതലയത്ത് ബ്ലോക്ക് നമ്പര്‍ 13ല്‍ സര്‍വേ നമ്പര്‍ 60ല്‍ വനം വകുപ്പിന്റെ കൈവശമുള്ള ഭൂമി റവന്യൂ ഭൂമിയായി നിലനിര്‍ത്തി നാല് ഏക്കര്‍ പട്ടികജാതിയില്‍പ്പെട്ട 19 പേര്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കലക്ടറുടെ 2020 ഒക്ടോബര്‍ 10ലെ എല്‍ 1-22725 നമ്പര്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ചാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. പതിറ്റാണ്ടുകള്‍ മുമ്പ് ഇരുളത്ത് അനുവദിച്ച ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെപോയ പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ഉത്തരവ് പ്രകാരം ഭൂമി ലഭിക്കുക.
പൊതു വിഭാഗത്തില്‍പ്പെടുന്ന നിര്‍ധന കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയാണ് ഇരുളത്ത് പട്ടികജാതിക്കാര്‍ക്കു അനുവദിച്ചിരുന്നത്. 1970ല്‍ പഴയ പൂതാടി വില്ലേജിലെ കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, മാതമംഗലം പ്രദേശങ്ങളിലായി കക്കോടന്‍ മൂസ ഹാജിയില്‍നിന്നു സര്‍ക്കാര്‍ പിടിച്ചെടുത്ത 120 ഏക്കറാണ് ഇരുളം മിച്ചഭൂമിയെന്നു അറിയപ്പെടുന്നത്. ഈ സ്ഥലം ഭൂരഹിതര്‍ക്കു പതിച്ചുനല്‍കാന്‍ 1976 മാര്‍ച്ച് 21നു സര്‍ക്കാര്‍ ഉത്തരവായിരുന്നു. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ട 62 കുടുംബങ്ങള്‍ക്കു ഒരു ഏക്കറും പൊതു വിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്കു അര ഏക്കറും വീതം ഭൂമിയാണ് ഉത്തരവ് പ്രകാരം അനുവദിച്ചത്. വൈകാതെ കൈവശരേഖ വിതരണം നടത്തിയെങ്കിലും പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു ഭൂമിയില്‍ പ്രവേശിക്കാനായില്ല. ഇതേത്തുടര്‍ന്നു പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ കൈവശക്കാരെ ഒഴിപ്പിച്ച് ഭൂമി അര്‍ഹരായ പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു നല്‍കണമെന്നു 1990ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ഇതിനെതിരെ 42 കൈവശ കുടുംബങ്ങള്‍ നല്‍കിയ അപ്പീല്‍ 2006ല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയെങ്കിലും പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കു ഭൂമി ലഭിച്ചില്ല.
ഇരുളം വില്ലേജില്‍ ഭൂമി അനുവദിച്ചതില്‍ ആദിവാസി കുടുംബങ്ങളെ പട്ടികവര്‍ഗ വികസന വകുപ്പ് പിന്നീട് വേറെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിച്ചു. എന്നാല്‍ പട്ടികജാതി കുടുംബങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല. 2012ല്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുളം വില്ലേജില്‍ അനുവദിച്ചതിനു പകരം ഭൂമി ലഭിച്ചാല്‍ മതിയെന്ന നിലപാട് പട്ടികജാതി-വര്‍ഗ ആക്ഷന്‍ കമ്മിറ്റി സ്വീകരിച്ചു. ഇതേത്തുടര്‍ന്നു ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് ചെതലയത്ത് വനം വകുപ്പിന്റെ കൈവശമുള്ള മിച്ചഭൂമിയില്‍ ഒരു ഭാഗം പട്ടികജാതി കുടുംബത്തിനു നല്‍കുന്നതിനു യോജിച്ചതാണെന്നു കണ്ടെത്തിയത്.
ചെതലയത്ത് ഫോറസ്റ്റുപാളയം എന്നറിയപ്പെടുന്ന 25 ഏക്കര്‍ മിച്ചഭൂമിയാണുള്ളത്. ഇതില്‍ 4.4070 ഹെക്ടര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങുന്നതിനു 2010 മാര്‍ച്ച് മൂന്നിനു കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു പാട്ടത്തിനു നല്‍കിയിരുന്നു. അക്കൊല്ലം സെപ്റ്റംബര്‍ 13നു 0.8323 ഏക്കര്‍ പൊതുജനാരോഗ്യകേന്ദ്രത്തിനും കൈമാറി. ലൈഫ് മിഷനു 0.2014 ഹെക്ടര്‍ 2017 ജൂലൈ 17നു വിട്ടുകൊടുത്തു. അവശേഷിക്കുന്ന ഭൂമിയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ച് ഓഫീസ്, വനം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുകള്‍, ഫോറസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, സഞ്ചാരികള്‍ക്കുള്ള അതിഥി മന്ദിരം എന്നിവയുണ്ട്.
ചെതലയത്തെ ഭൂമിയുടെ ഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു നല്‍കുന്നതിനു റവന്യൂ വകുപ്പ് നടത്തിയ നീക്കങ്ങള്‍ക്കെതിരെ വനം-വന്യജീവി വകുപ്പ് രംഗത്തുവന്നിരുന്നു. സ്ഥലം കാടിന്റെ ഭാഗമാണെന്ന വാദം ഉന്നയിച്ചായിരുന്നു ഇത്. എന്നാല്‍ ഭൂമി വനത്തിന്റെ ഭാഗമാണെന്നു തെളിയിക്കുന്ന രേഖ വനംവകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. മുമ്പ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു ഭൂമി പാട്ടത്തിനു നല്‍കിയതിനെയും പൊതുജനാരോഗ്യകേന്ദ്രത്തിനും മറ്റും സ്ഥലം കൈമാറിയതിനെയും വകുപ്പ് എതിര്‍ത്തിരുന്നതുമില്ല. ഈ സാഹചര്യത്തില്‍ വനം-വന്യജീവി വകുപ്പിന്റെ വാദം റവന്യൂ വകുപ്പ് തള്ളിയിരുന്നു.