കൊച്ചി - ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതി കേരള - കര്‍ണ്ണാടക സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ആനയുടെ സഞ്ചാരം അതിര്‍ത്തികള്‍ വഴിയായതിനാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനല്‍ കടുത്തതിനാല്‍ വനത്തില്‍ നിന്നും മൃഗങ്ങള്‍ പുറത്ത് വരാന്‍ സാധ്യത കൂടുതലാണെന്നും ഇത് തടയാന്‍ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈല്‍ഡ് ലൈഫ് വാര്ഡന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബേലൂര്‍ മഗ്ന കര്‍ണാടക വനത്തിലേക്ക് പോകുകയും പിന്നീട് വീണ്ടും വയനാട്ടിലേക്ക് തിരിച്ചവരുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു.