റിയാദ് - വിരലടയാള രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തിരക്കിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രാലയത്തിനാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികളുടെ വിരലടയാള രജിസ്‌ട്രേഷന് രക്ഷകർത്താക്കളും കുട്ടികളും കൂട്ടത്തോടെ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിലെത്തുകയായിരുന്നു.
വിരലടയാളം രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു. വിരലടയാളം രജിസ്റ്റർ ചെയ്തത് സ്ഥിരീകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റിൽനിന്നുള്ള പ്രിന്റൗട്ട് ഹാജരാക്കണമെന്ന് വിദ്യാർഥികളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതാണ് വിരലടയാള രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ വൻ തിരിക്കിന് ഇടയാക്കിയത്.
സ്‌കൂൾ പഠനത്തെ ബാധിക്കാത്ത നിലയിൽ വിദ്യാർഥികളുടെ വിരലടയാളം രജിസ്റ്റർ ചെയ്യുന്നതിന് രക്ഷാകർത്താക്കളോട് ആവശ്യപ്പെടണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് ജവാസാത്ത് ഡയറക്ടറേറ്റ് അടിയന്തര സന്ദേശം അയച്ചിട്ടുണ്ടെന്ന് ജവാസാത്ത് വക്താവ് ലെഫ്. കേണൽ ബദ്ർ അൽഖരൈനി പറഞ്ഞു. പഠനത്തിന് പ്രതിബന്ധമാകാത്ത നിലക്ക് വിദ്യാർഥികളുടെ വിരലടയാള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടികളെടുക്കണം.
ആറു വയസും അതിൽ കൂടുതലും പ്രായമുള്ള കുട്ടികളാണ് വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടത്. സൗദിയിൽ താമസിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് തയാറാക്കുന്നതിനും ഇഖാമ ഇഷ്യു ചെയ്യൽ അടക്കമുള്ള സേവനങ്ങൾ നൽകുന്നതിനും വിരലടയാളം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
വിരലടയാള രജിസ്‌ട്രേഷൻ അടക്കമുള്ള വിവരങ്ങൾ അടങ്ങിയ പ്രിന്റൗട്ടുകൾ ആർക്കും ജവാസാത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ലഭിക്കും. ഇതിന് ജവാസാത്ത് ശാഖകളെ നേരിട്ട് സമീപിക്കേണ്ടതില്ലെന്നും ലെഫ്. കേണൽ ബദ്ർ അൽഖരൈനി പറഞ്ഞു.
ജവാസാത്ത് സേവനങ്ങൾ ലഭിക്കുന്നതിന് വിരലടയാള രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് കിഴക്കൻ പ്രവിശ്യ ജവാസാത്ത് വക്താവ് കേണൽ മുഅല്ല അൽഉതൈബി പറഞ്ഞു. നേരത്തെ വിരലടയാളം രജിസ്റ്റർ ചെയ്യാത്തവരാണ് വിരലടയാളം നൽകേണ്ടത്. ഒരു തവണ വിരലടയാളം നൽകിയവർ പിന്നീട് പുതുക്കേണ്ടതില്ല.
അബ്ശിറിലെ തങ്ങളുടെ അക്കൗണ്ടുകളിൽ പ്രവേശിച്ച് മക്കൾ അടക്കമുള്ള ആശ്രിതരുടെ വിരലടയാളം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് രക്ഷകർത്താക്കൾക്ക് സാധിക്കും. വിരലടയാളം രജിസ്റ്റർ ചെയ്യാത്ത മക്കളുടെ വിരലടയാളങ്ങൾ ജവാസാത്ത് ഓഫീസുകളെ സമീപിച്ച് രജിസ്റ്റർ ചെയ്യണമെന്നും കേണൽ മുഅല്ല അൽഉതൈബി ആവശ്യപ്പെട്ടു. വിരലടയാളം രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സ്‌കൂളുകൾ വിസമ്മതിച്ചതും വിരലടയാളം രജിസ്റ്റർ ചെയ്തത് വ്യക്തമാക്കുന്ന പ്രിന്റൗട്ട് ഹാജരാക്കാത്തതിനാൽ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാതിരുന്നതും രക്ഷാകർത്താക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജവാസാത്ത് ഓഫീസുകളിലെ തിരക്ക് കുറക്കുന്നതിന് സ്‌കൂളുകളിൽ വിരലടയാള രജിസ്‌ട്രേഷന് സൗകര്യം ഒരുക്കണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു.