തൃശൂര്‍ - കരുവന്നൂര്‍ കേസില്‍ ഇ.ഡി അന്വേഷണം ക്ലൈമാക്‌സിലേക്ക്. പലതവണ ചോദ്യം ചെയ്ത സി.പി.എമ്മിലെ പ്രമുഖരെ വീണ്ടും ചോദ്യം ചെയ്ത് കേസന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ സി.പി.എമ്മിനെ കരുവന്നൂര്‍ കേസിന്റെ പേരില്‍ കടുത്ത പ്രതിരോധത്തിലാക്കുന്ന നടപടികളിലേക്കാണ് ഇ.ഡി കടക്കുന്നത്. കേസില്‍ തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഇദ്ദേഹത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. അനൂപിനെ നേരത്തെ ഇഡി വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു.
പിന്നീട് ചോദ്യം ചെയ്യലൊന്നുമുണ്ടായില്ലെങ്കിലും ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് ഇ.ഡിക്ക് ലഭിച്ച ചില വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
അനൂപിനു തൊട്ടുപിന്നാലെ മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എയേയും ചോദ്യം ചെയ്യാനുള്ള നീക്കത്തലാണ് ഇ.ഡി.
കേസന്വേഷണം വേഗത്തിലാക്കാന്‍ കോടതിയും അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസിലുള്‍പ്പെട്ട ചില പ്രധാനികളെ മാപ്പുസാക്ഷികളാക്കിയതിനെ തുടര്‍ന്ന് ഇഡിക്ക് പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പിലെ മുഖ്യ പ്രതിയായ വെളപ്പായ സതീശന്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി ഇടപാടുകളിലൂടെ പതിനാല് കോടി തട്ടിയെന്നാണ് ഇഡി കണ്ടെത്തിയത്. സതീശന് സിപിഎം നേതാക്കളുമായി സാന്പത്തിക ഇടപാടുകളുണ്ടെന്ന് ഇഡിക്ക് ജീജോര്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു. സതീശനുമായി മുന്‍ മന്ത്രി എ.സി.മൊയ്തീന്‍, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ക്ക് പുറമെ അനൂപ് ഡേവിസ് കാടയ്ക്കും പങ്കുണ്ടെന്നാണ് ഇ ഡിക്ക് ലഭിച്ചിരിക്കുന്ന മൊഴി.