Sorry, you need to enable JavaScript to visit this website.

മാര്‍ക്ക് വിവാദം, കോളജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി

തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി വിദ്യാര്‍ഥികള്‍

തൊടുപുഴ- ഇന്റേണല്‍ മാര്‍ക്ക് വിവാദത്തില്‍ ക്രമക്കേട് ആരോപിച്ച് മൂന്ന് നില കോളജ് കെട്ടിടത്തിന് മുകളില്‍ കയറി മണിക്കൂറുകളോളം പെണ്‍കുട്ടികളടക്കമുള്ള നിയമ വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി.തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയിലെ മുപ്പതോളം വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്. എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. മതിയായ യോഗ്യതയില്ലാത്ത ഒരു കുട്ടിക്ക് അധ്യാപകര്‍ അധിക മാര്‍ക്ക് നല്‍കിയെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ സമരം ആരംഭിച്ചത്.
50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് ഏകദേശം പൂര്‍ണമായും നല്‍കി റാങ്ക് നേടാന്‍ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. പിന്നാലെ പ്രതിഷേധിച്ച ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് റാഗിംഗ് കേസെടുക്കുകയും ചെയ്തു. ഈ നടപടി പിന്‍വലിക്കണമെന്നും പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
വിദ്യാര്‍ഥികള്‍ നിരവധി പരാതികള്‍ എം ജി സര്‍വകലാശാല  വൈസ് ചാന്‍സലര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കെട്ടിടത്തിന്റെ മുകളില്‍ നിലയുറപ്പിച്ചത്.
തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസും തഹസില്‍ദാര്‍ എ എസ് ബിജിമോളും സ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥലത്തെത്തണമെന്ന നിലപാടിലായിരുന്നു കുട്ടികള്‍. പിന്നാലെ ഇവര്‍ പ്രിന്‍സിപ്പല്‍ അനീഷ ഷംസുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചു. ഇന്റേണല്‍ മാര്‍ക്ക് നല്‍കിയ വിഷയത്തില്‍ പിശക് പറ്റിയെന്നും അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും മാനേജ്‌മെന്റ് വിശദീകരണം നല്‍കി. എന്നാല്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  വിദ്യാര്‍ഥികള്‍ രാത്രിയിലും കെട്ടിടത്തിന് മുകളില്‍ തുടരുകയാണ്. തൊടുപുഴ അഗ്നിരക്ഷാ സേന രക്ഷാവല വിരിച്ച് താഴെ കാത്തു നിന്നിരുന്നു. ആംബുലന്‍സ് അടക്കമുളള സന്നാഹങ്ങളും ഒരുക്കി.
സമരത്തിനിടെ രണ്ട് വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണു.  രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളായ മേഘ എം,  കാര്‍ത്തിക ടി എസ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News