മറയൂര്‍- വീട്ടുമുറ്റത്ത് വച്ച് റിട്ട. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്. മറയൂര്‍ കോട്ടക്കുളം സ്വദേശി പി ലക്ഷമണനെയാണ് സഹോദരി പുത്രന്‍ എം അരുണ്‍ (23) തിങ്കളാഴ്ച രാത്രി 7.30ഓടെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഓടി രക്ഷപ്പെട്ട് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് പയസ് നഗര്‍ ഭാഗത്ത് വച്ച് പിടികൂടി.
അരുണിന്റെ മൊബൈല്‍ ഫോണ്‍ ലക്ഷ്മണന്‍ വാങ്ങിവച്ചിരുന്നു. ഇത് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന്റെ മുന്‍വശത്തുള്ള മറയൂര്‍ കാന്തല്ലൂര്‍ റോഡിലിട്ടാണ് കഴുത്തിനും മുഖത്തിനും മാരകമായി വെട്ടിയത്. നിലവിളി കേട്ട് വീട്ടിലുള്ള മകനും മരുമകളും അയല്‍വാസികളും എത്തിയപ്പോള്‍, വന്ന കാര്‍ ഉപേക്ഷിച്ച് മറയൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപത്തുള്ള പാറയില്‍ ഒളിച്ച പ്രതി കോവില്‍ക്കടവില്‍ എത്തി ഓട്ടോറിക്ഷയില്‍ ഇരച്ചില്‍ പാറ ഭാഗത്ത് എത്തി ഇടക്കടവ് പൊങ്ങമ്പള്ളി ഭാഗത്ത് വെട്ടാന്‍ ഉപയോഗിച്ച കത്തി ഉപേക്ഷിച്ച് കാന്തല്ലൂരിലെത്തി. പിന്നീട് വനപാത വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ടി ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ മറയൂരിലെ യുവാക്കളുടെ സഹായത്തോടെ അറസ്റ്റ് ചെയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്അരുണ്‍ പത്താം ക്ലാസ് പാസായിരുന്നില്ല. ലക്ഷ്മണന്‍ സ്വന്തം വീട്ടിലേക്ക് അരുണിനെ കൂട്ടിക്കൊണ്ട് വന്ന് പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതിക്കുന്നതിനായി പഠിപ്പിക്കുകയായിരുന്നു. അരുണ്‍ തമിഴ്‌നാട്ടില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നതിനാല്‍ നാലുമാസം മുമ്പ് ലക്ഷ്മണന്‍ അരുണിന്റെ ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു വച്ചു.
ഇതിനിടെ ലക്ഷ്മണന്റെ കൈവശമുള്ള ഫോണ്‍ നിലത്ത് വീണ് ഡിസ്‌പ്ലേ പോയി. പുതിയ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞെങ്കിലും അരുണ്‍ സമ്മതിക്കാതെ രണ്ട് മൂന്ന് തവണ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. സംഭവ ദിവസം അരുണ്‍ കാറുമായി വീടിന്റെ മുന്‍വശത്ത് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന മകനോടും മകളോടും അകത്ത് പോകാന്‍ പറഞ്ഞ് ശേഷം ലക്ഷമണന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്.
പ്രതിയെ സംഭവ സ്ഥലത്തും ആയുധം ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കിയില്‍ നിന്നും ഫോറന്‍സിക്ക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി. മറയൂര്‍ എസ് എച്ച് ഒക്ക് പുറമേ ഗ്രേഡ് എസ് ഐ അരുണ്‍ സഖറിയ, എ എസ് ഐ അനില്‍ സബാസ്റ്റ്യന്‍, ശ്യാം, സി പി ഒ മാരായ ഷമീര്‍ കെ എം, വിനോദ്, ബിനീഷ്, രാഹുല്‍, പ്രകാശ് നൈനാന്‍, സജുസണ്‍, ഹരിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.