Sorry, you need to enable JavaScript to visit this website.

എക്‌സ്പാറ്റ്‌സ് സ്‌പോർടീവ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് വെള്ളിയാഴ്ച, 13 ടീമുകൾ കളത്തിൽ ഇറങ്ങും

ദോഹ - ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്‌സ്പാറ്റ്‌സ് സ്‌പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ദുഹൈലിലെ യൂണിവേഴ്‌സിറ്റി ഓഫ് ദോഹ സയൻസ് ആന്റ് ടെക്‌നോളജി ഗ്രൗണ്ടിൽ വച്ച് നടക്കും. കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് 13 ടീമുകൾ കളത്തിൽ ഇറങ്ങുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിൽ 600 ലധികം കായികതാരങ്ങൾ പങ്കെടുക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന ടീം പരേഡിൽ ഇന്ത്യയുടെയും ഖത്തറിന്റെയും കായിക നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും. കായിക സാംസ്‌കാരിക രംഗത്തെ സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ , വിവിധ അപ്പക്‌സ് ബോഡി ഭാരവാഹികൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

100, 200, 800, 1500 മീറ്റർ ഓട്ടം, 4x100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റൺ, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളിൽ 3 കാറ്റഗറികളിലായാണ് മത്സരം. കേരളത്തിലലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് ദിവ കാസറഗോഡ്, കണ്ണൂർ സ്‌ക്വാഡ്, വയനാട് വാരിയേഴ്‌സ്, കാലിക്കറ്റ് സ്‌പോർട്‌സ് ക്ലബ്ബ്, മലപ്പുറം കെ.എൽ 10 ലെജന്റ്‌സ്, ഫീനിക്‌സ് പാലക്കാട്, തൃശ്ശൂർ യൂത്ത് ക്ലബ്ബ്, കൊച്ചിൻ ടസ്‌കേർസ്, കോട്ടയം ബ്ലാസ്‌റ്റേർസ്, ആലപ്പി ഫൈറ്റേർസ്, ചാമ്പ്യൻസ് പത്തനംതിട്ട, കൊല്ലം സ്‌പോർട്‌സ് ക്ലബ്ബ്, ട്രിവാൻഡ്രം റോയൽസ്, എന്നീ കരുത്തരായ ടീമുകളാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിൽ പങ്കെടുക്കുന്നത്.

മുസ്തഫ മൊർഗ്രാൽ (ദിവ കാസറഗോഡ്), അസ്‌നഫ് (കണ്ണൂർ സ്‌ക്വാഡ്), അനസ് (വയനാട് വാരിയേഴ്‌സ്), ഷമ്മാസ് (കാലിക്കറ്റ് സ്‌പോർട്‌സ് ക്ലബ്ബ്), മുഹമ്മദ് മഹറൂഫ്(മലപ്പുറം കെ.എൽ 10 ലെജന്റ്‌സ്), മുഹമ്മദ് നവാസ് (ഫീനിക്‌സ് പാലക്കാട്), കണ്ണൻ സാന്റോസ് (തൃശ്ശൂർ യൂത്ത് ക്ലബ്ബ്), റോഷൻ (കൊച്ചിൻ ടസ്‌കേർസ്), സ്റ്റീസൺ കെ മാത്യു (കോട്ടയം ബ്ലാസ്‌റ്റേർസ്), അഫ്‌സൽ യൂസഫ് (ആലപ്പി ഫൈറ്റേർസ്), അനുജ റോബിൻ (ചാമ്പ്യൻസ് പത്തനംതിട്ട), അരുൺ ലാൽ (കൊല്ലം സ്‌പോർട്‌സ് ക്ലബ്ബ്), സജി ശ്രീകുമാർ (ട്രിവാൻഡ്രം റോയൽസ്) എന്നിവരാണ് വിവിധ ജില്ല ടീമുകളെ നയിക്കുക.

ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് മെഡലുകളും സർട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകൾക്ക് ട്രോഫിയും നൽകും. മീറ്റിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വിവിധ ജില്ലകളുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ടീം പരേഡ് നടക്കും. ചെണ്ടമേളം, ആയോധന കലകൾ, ഒപ്പന, കോൽക്കളി, നൃത്തങ്ങൾ തുടങ്ങിയ തനത് കലാരൂപങ്ങൾ പരേഡിൽ അണിനിരക്കും. മത്സരം വീക്ഷിക്കാനെത്തുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഫൺ ഗെയിംസും ഒരുക്കും.


പ്രവാസികളുടെ കായികക്ഷമത വർദ്ദിപ്പിക്കുക, ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിർത്താൻ പ്രേരിപ്പിക്കുക. പഠന കാലത്തും മറ്റും കായികമായ അഭിരുചിയുള്ളവർക്ക് ഇവിടെയും കൂടൂതൽ അവസരങ്ങൾ നൽകി ഈ രംഗത്ത് കൂടുതൽ മുന്നേറാൻ സഹായിക്കുക തുടങ്ങിയവ ലക്ഷ്യം വച്ച് എക്‌സ്പാറ്റ്‌സ് സ്‌പോർടീവ് മുൻ വർഷങ്ങളിലും സംഘടിപ്പിച്ച് വരുന്ന കായികമേളയുടെ തുടർച്ചയാണിത്. ഖത്തറിലെ പ്രമുഖ സ്പയർ പാർട്‌സ് വിതരണക്കാരായ ഓട്ടോ ഫാസ്റ്റ് ട്രാക്കാണ് പരിപാടിയുടെ പ്രയോജകർ


വാർത്താസമ്മേളനത്തിൽ ഡോ: താജ് ആലുവ ( ചെയർമാൻ, കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ്), ഷിയാസ് കൊട്ടാരം ( എം .ഡി ഓട്ടോ ഫാസ്റ്റ് ട്രാക്ക് ),അഹമ്മദ് ഷാഫി ( സംഘാടകസമിതി ജനറൽ കൺവീനർ) അമീൻ അബ്ദുറഹ്മാൻ ( കൊമേർഷ്യൽ മാനേജർ , (cocoon), റബീഹ് സമാൻ ( മീഡിയ സെക്രട്ടറി ),  ശരീഫ് ചിറക്കൽ ( ഫൈനാൻസ് കമ്മിറ്റി കൺവീനർ )എന്നിവർ പങ്കെടുത്തു

Tags

Latest News