മുംബൈ -അടുത്ത ഐ.പി.എല്‍ മാര്‍ച്ച് 22 ന് ആരംഭിക്കാന്‍ ബി.സി.സി.ഐ തത്വത്തില്‍ തീരുമാനിച്ചു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനനുസരിച്ച് മത്സരക്രമങ്ങളില്‍ മാറ്റമുണ്ടാവും. ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമങ്ങള്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തിയ്യതികള്‍ അറിഞ്ഞ ശേഷമേ തുടര്‍ന്നുള്ള മത്സരങ്ങള്‍ തീരുമാനിക്കൂ.
ഉദ്ഘാടന മത്സരം ചെന്നൈയിലായിരിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങും. ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യമാണെങ്കില്‍ ഭാഗികമായി വിദേശത്തും കളി നടത്താനാണ് പദ്ധതി. ഒന്നിലേറെ പദ്ധതികളാണ് തയാറാക്കുന്നത്. 2019 ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് ഐ.പി.എല്‍ പൂര്‍ണമായി ഇന്ത്യയില്‍ നടത്തിയിരുന്നു.
ഈയാഴ്ചയോടെ ഏതാനും ഫ്രാഞ്ചൈസികള്‍ പരിശീലന ക്യാമ്പ് ആരംഭിക്കുകയാണ്. എങ്കിലും മാര്‍ച്ച് 11 ന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പര കഴിയുമ്പോഴേ കളിക്കാരെ പൂര്‍ണമായി ഫ്രാഞ്ചൈസികള്‍ക്ക് കിട്ടൂ.
ഐ.പി.എല്ലിന് തടസ്സമുണ്ടാവാതിരിക്കാന്‍ വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ബംഗളൂരുവിലും ദല്‍ഹിയിലുമായി ഒതുക്കും. വെള്ളിയാഴ്ച ബംഗളൂരുവില്‍ ആരംഭിക്കുന്ന വനിതാ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 17 ന് ദല്‍ഹിയില്‍ സമാപിക്കും. ഐ.പി.എല്ലിനായി ഒരുങ്ങാന്‍ ബി.സി.സി.ഐക്കും ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും അഞ്ചു ദിവസത്തെ സമയം ലഭിക്കും.