Sorry, you need to enable JavaScript to visit this website.

എംബാപ്പെ ഇനി റയല്‍ താരം; പ്രതിഫലം, വിശദാംശങ്ങള്‍ അറിയാം

മഡ്രീഡ് - പി.എസ്.ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കീലിയന്‍ എംബാപ്പെ റയല്‍ മഡ്രീഡില്‍ ചേരാന്‍ തത്വത്തില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. കുട്ടിക്കാലത്ത് റയല്‍ അക്കാദമി കാണാനെത്തിയതു മുതല്‍ എംബാപ്പെയുടെ മോഹമായിരുന്നു റയലിന്റെ ജഴ്‌സിയിടുകയെന്നത്. ജൂണില്‍ കരാര്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് ഫ്രഞ്ച് ക്യാപ്റ്റന്‍ പി.എസ്.ജിയെ അറിയിച്ചതായി ബി.ബി.സി വെളിപ്പെടുത്തി. ബെക്കാം മുതല്‍ ക്രിസ്റ്റ്യാനൊ വരെ കളിച്ച കരാറൊപ്പിട്ടാലേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ. ഗലാറ്റിക്കോസ് കാലഘട്ടത്തിന് ശേഷം റയല്‍ താരപദവിയില്ലാത്ത മികച്ച കളിക്കാരിലാണ് ശ്രദ്ധയൂന്നിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സൂപ്പര്‍സ്റ്റാറിനെ റയല്‍ ടീമിലെടുക്കുന്നത്. 
പി.എസ്.ജിക്കു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായാണ് ഇരുപത്തഞ്ചുകാരന്‍ ക്ലബ്ബ് വിടുക, 244 ഗോള്‍. പി.എസ്.ജി വിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രചരിക്കുമ്പോഴും കളിക്കളത്തില്‍ അങ്ങേയറ്റത്തെ പ്രതിബദ്ധത നിലനിര്‍ത്തുകയാണ് എംബാപ്പെ. സമീപകാല പി.എസ്.ജി വിജയങ്ങളിലെല്ലാം എംബാപ്പെയുടെ പാദമുദ്രയുണ്ട്. നാന്റസിനെതിരായ അവസാന മത്സരത്തില്‍ പകരക്കാരനായിറങ്ങി പെനാല്‍ട്ടി ഗോളിലൂടെ ടീമിന് വിജയം നല്‍കി. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് 14 പോയന്റ് ലീഡുണ്ട്. 
റയലുമായി അഞ്ചു വര്‍ഷത്തെ കരാറാണ് ഒപ്പിടുക. വര്‍ഷം ഒന്നരക്കോടി യൂറോ (135 കോടി രൂപ) ആയിരിക്കും പ്രതിഫലം. പരസ്യവരുമാനത്തിന്റെ ഒരു വിഹിതവും എംബാപ്പെക്ക് ലഭിക്കും. ഇടതു വിംഗില്‍ വിനിസിയൂസ് ജൂനിയറിനൊപ്പം എംബാപ്പെയുടെ വേഗം ഉപയോഗിക്കാനുള്ള തന്ത്രങ്ങള്‍ കോച്ച് കാര്‍ലൊ ആഞ്ചലോട്ടി തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലൂക്ക് മോദ്‌റിച് അണിഞ്ഞിരുന്ന പത്താം നമ്പര്‍ ജഴ്‌സിയായിരിക്കും എംബാപ്പെക്ക് കിട്ടുക.  

Latest News