തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബുകുമാറിനെ(49)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്.
പിഴ അടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2022 ഏപ്രില്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ 17കാരിക്ക് നേരേ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലെത്തി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നുമായിരുന്നു പരാതി. പലതവണ ഇയാള്‍ പെണ്‍കുട്ടിക്ക് നേരേ അശ്ലീലച്ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ടായിരുന്നു.
സംഭവദിവസം പെണ്‍കുട്ടിയോട് മോശമായരീതിയില്‍ സംസാരിച്ച പ്രതി, ഇതിനുപിന്നാലെ കുട്ടിയുടെ വീട്ടിലെത്തി. ഈ സമയം വീടിനുള്ളില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പേര് വിളിച്ചു. തുടര്‍ന്ന് ജനലിന് മുന്നില്‍നിന്ന് നഗ്‌നതാപ്രദര്‍ശനം നടത്തുകയും അശ്ലീലപദപ്രയോഗം നടത്തുകയുമായിരുന്നു. കുട്ടിയുടെ മുത്തശ്ശി വഴക്കുപറഞ്ഞ ശേഷമാണ് ഇയാള്‍ ഇവിടെനിന്ന് പോയത്. ഇതിനുപുറമേ വഴിയില്‍വെച്ച് മദ്യലഹരിയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. ആര്‍.ജി.ഹരിലാല്‍ ആണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ 11 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും കോടതിയില്‍ ഹാജരാക്കി.
VIDEO കരാട്ടെ പഠിപ്പിക്കാന്‍ ജിദ്ദയില്‍ ഒരു മലയാളി പെണ്‍കുട്ടി