Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചത് മതസാഹോദര്യത്തിലൂടെ: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂര്‍- ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിച്ചത് മതസാഹോദര്യത്തിലധിഷ്ഠിതമായ പോരാട്ടത്തിലൂടെയായിരുന്നുവെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വളപട്ടണത്തെ ചരിത്രപാരമ്പര്യത്തിന്റെയും മത സാഹോദര്യത്തിന്റെയും പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന വളപട്ടണം കക്കുളങ്ങര പള്ളിയുടെ പൈതൃക സംരക്ഷണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മത സാഹോദര്യം കാത്തുസൂക്ഷിച്ചതില്‍ കേരളം മാതൃകയാണ്. മത സാഹോദര്യം ദൃഢമായതിനാലാണ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞത്. എല്ലാ മതവിഭാഗങ്ങളും സാഹോദര്യം കാത്തുസൂക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. എന്നാല്‍ മത- വര്‍ഗീയതയുമായി ഇന്നു ചിലര്‍ വരുന്നുണ്ട്. അത്തരക്കാരെ നേരിടാന്‍ വളപട്ടണം കക്കുളങ്ങര പള്ളി പോലുള്ള പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുക എന്നത് അനിവാര്യമാണ്. ചരിത്രം എന്തെന്ന് ഇന്നത്തെ തലമുറയെ പഠിപ്പിക്കുകയും നാളത്തെ തലമുറയെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് മതസാഹോദര്യത്തിന് കരുത്തുപകരുമെന്നും മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. 

പള്ളിയിലെ സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ മഖാം മന്ത്രി സന്ദര്‍ശിച്ചു. കെ. വി സുമേഷ് എം. എല്‍. എ അധ്യക്ഷത വഹിച്ചു.
ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പള്ളി നവീകരിക്കുന്നത്. 

പള്ളിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പൈതൃക സംരക്ഷണ ലക്ഷ്യമിട്ടുളള പദ്ധതികളാണ് നടപ്പാക്കുന്നത്. കുളം നവീകരണം, കുളപ്പുര, പടിപ്പുര, നടപ്പാത, ചുറ്റുമതില്‍, ലാന്‍ഡ് സ്‌കേപ്പിങ്, ടോയിലറ്റ് ബ്ലോക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അറക്കല്‍- ചിറക്കല്‍ രാജവംശത്തിന്റെ  മതസൗഹാര്‍ദത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു 1,300ലേറെ വര്‍ഷം പഴക്കമുള്ള  വളപട്ടണം കക്കുളങ്ങര പള്ളി. കുഫിക് ലിപിയിലുള്ള ശിലാരേഖ പള്ളിയിലുണ്ട്. കേരളത്തിലെ എറ്റവും പഴക്കം ചെന്ന ശിലാരേഖകളിലൊന്നാണിത്. 

സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നായ കക്കുളങ്ങര പള്ളി നവീകരിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ. വി സുമേഷ് എം. എല്‍. എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പള്ളി നവീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്. 

ടൂറിസം വകുപ്പ് 1.3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് പ്രവൃത്തിയുടെ ചുമതല.

Latest News