Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാട്ടാന ആക്രമണത്തില്‍ പോള്‍ കൊല്ലപ്പെട്ടതില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന് കെ. മുരളീധരന്‍ എം. പി

കല്‍പറ്റ- കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കുറുവ ഇക്കോ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോള്‍ തക്കസമയം വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളുടെ സ്ഥാനത്ത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്ന് കെ. പി. സി. സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ എം. പി. വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് വയനാട് കലക്ടറേറ്റ് പരിസരത്ത് യു. ഡി. എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാട്ടാനയല്ല, യഥാര്‍ഥത്തില്‍ പോളിനെ ഭരണകൂടമാണ് കൊന്നത്. യഥാസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ പോള്‍ മരണപ്പെടുമായിരുന്നില്ല. വനം വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മന്ത്രി എ. കെ. ശശീന്ദ്രന്‍ പൂര്‍ണ പരാജയമാണ്. ആനയ്ക്കുവെച്ച മയക്കുവെടി മന്ത്രിക്കാണ് കൊണ്ടതെന്നു സംശയിക്കണം. തല പൊങ്ങാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. 

നാട്ടില്‍ ചില ആന പ്രേമികളുണ്ട്. ഇവരില്‍ പലരും വയനാട് കണ്ടവരല്ല. കൃഷിയും ജീവിതവും മനസിലാക്കിയവരല്ല. അവര്‍ക്ക് മനുഷ്യനേക്കാള്‍ വലുത് ആനയാണ്. ആന പ്രേമം മൂത്താല്‍ ആനയ്ക്കും ദോഷമാണ്. തണ്ണീര്‍ക്കൊമ്പന്‍ ഇതിനു ഉദാഹരണമാണ്. മയക്കുവെടിവെച്ച് പിടിച്ച ആനയെ  റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിടാതിരുന്നെങ്കില്‍ വീണ്ടും നാട്ടിലിറങ്ങി മയക്കുവെടിയേല്‍ക്കാനും മരണപ്പെടാനും അതിന് ഇടവരുമായിരുന്നില്ല. 

നാട്ടിലിറങ്ങുന്ന അക്രമകാരികളായ കടുവകളെ വെടിവെച്ച് കൊല്ലണം. തോക്ക് ഉമ്മ വെക്കാനുള്ളതല്ലെന്നും വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ കോഴിക്കോട് എത്തിയ മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കാനും ജനങ്ങളോടു നേരിട്ടു സംസാരിക്കാനും തയ്യാറാകാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ പറഞ്ഞു.

യു. ഡി. എഫ് ജില്ലാ ചെയര്‍മാന്‍ കെ. കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി മുഖപ്രഭാഷണം നടത്തി. കെ. പി. സി. സി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല, ഡി. സി. സി പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്‍, കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം. എല്‍. എ, യു. ഡി. എഫ് ജില്ലാ കണ്‍വീനര്‍ കെ. കെ. വിശ്വനാഥന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. ബുധനാഴ്ച രാവിലെയാണ് സമരത്തിന്റെ സമാപനം.

Latest News