കോഴിക്കോട്- ടി. പി. ചന്ദ്രശേഖരന്‍ കേസ് വീണ്ടു ചര്‍ച്ചയാവുമ്പോള്‍ കൊലപാതകത്തിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോഴിക്കോട് ഡി. സി. സിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കമ്പനികള്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് അന്വേഷണം ഉന്നതരിലേക്ക് എത്താതിരുന്നത്. ആഭ്യന്തര സെക്രട്ടറി തന്നെ ആവശ്യപ്പെട്ടിട്ടും മൊബൈല്‍ സേവന ദാതാക്കള്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഇക്കാര്യം പരിശോധിച്ചിരുന്നു. മൂന്നുവര്‍ഷത്തില്‍ കുടുതല്‍ ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. അതുകൊണ്ടാണ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നീളാതിരുന്നത്. കൊലപാതകത്തിന്റെ സൂത്രധാരന്‍മാരായ ഉന്നതരിലേക്ക് അന്വേഷണം എത്താത്തതിന്റെ ഒരു കാരണവും ഇതാണ്.
പിണറായി വിജയന്‍ അറിയാതെ സി. പി. എം. ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കില്ല. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് യഥാര്‍ഥ പങ്കുണ്ട്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി അദ്ദേഹത്തെ വിട്ടയച്ചത്. ഇതിനെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ആര്‍. എം. പിയുടെയും കെ. കെ. രമയുടെയും നീക്കത്തിന് എല്ലാ പിന്തുണയും നല്‍കും. സി. പി. എം. പാര്‍ട്ടി തലത്തില്‍ ആലോചിച്ചാണ് ടി. പിയെ വധിച്ചത്. അന്വേഷണം തടസ്സപ്പെടുത്താന്‍ ബോധപൂര്‍വം ഇടപെട്ടു. കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെട്ടു എന്നു കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമം വിധിക്കുന്ന ശിക്ഷ എല്ലാവര്‍ക്കും വാങ്ങിക്കൊടുക്കേണ്ടത് അനിവാര്യമാണ്. ഹൈക്കോടതി വിധിയെ സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ സ്വാഗതം ചെയ്തതുതന്നെ കൊലപാതകത്തില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ്. രണ്ട് നേതാക്കളെ ശിക്ഷിച്ച വിധി സ്വാഗതം ചെയ്യുന്നത് ആ കുറ്റം ഏറ്റെടുക്കല്‍ തന്നെയാണെന്നും ചെന്നിത്തല. രണ്ടു നേതാക്കളെക്കൂടി പ്രതി ചേര്‍ത്തതോടെ സി. പി. എമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടുമാത്രമാണ് സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതായത്. കൊലയാളികള്‍ ഭരണത്തിലെത്തിയപ്പോള്‍ കൊലപാതകം താത്കാലികമായി ഇല്ലാതായി. അധികാരത്തില്‍ നിന്ന് അവര്‍ പുറത്തുപോയാല്‍ വീണ്ടും തുടങ്ങും.
വയനാട്ടില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയാണ്. വന്യജീവി ശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. വനം മന്ത്രി മയക്കുവെടിയേറ്റ ആളെപ്പോലെയാണ പെരുമാറുന്നത്. വയനാട്ടിലെ കര്‍ഷകരുമായാണ് മുഖ്യമന്ത്രി മുഖാമുഖം നടത്തേണ്ടെന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് ഡി. സി. സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.